News - 2024

പാപ്പയുടെ ബഹ്റൈനിലേക്കുള്ള വിമാന യാത്ര മധ്യേ അകമ്പടിയായി പോർവിമാനങ്ങൾ അയച്ച് ജോര്‍ദാന്‍ രാജാവ്

പ്രവാചകശബ്ദം 04-11-2022 - Friday

അമ്മാന്‍: ചരിത്രം കുറിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ ഇന്നലെ ബഹ്റൈനിലേക്ക് നടത്തിയ അപ്പസ്തോലിക യാത്ര മധ്യത്തില്‍ പാപ്പയും സംഘവും സഞ്ചരിച്ച വിമാനത്തിന് അകമ്പടിയായി രണ്ടു വിമാനങ്ങൾ അയച്ച് ജോര്‍ദാന്‍ രാജാവിന്റെ സ്നേഹ പ്രകടനം. ഐടിഎ എയർവേയ്‌സിന്റെ പ്രത്യേക വിമാനമായ എ330-ലാണ് പാപ്പയും വത്തിക്കാന്‍ പ്രതിനിധികളും മാധ്യമ സംഘവും യാത്ര തിരിച്ചിരിന്നത്. ഇറ്റലി, സൈപ്രസ്, ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങള്‍ പിന്നിട്ടാണ് വൈകീട്ടോടെ മാർപാപ്പയെ വഹിച്ചുള്ള വിമാനം ബഹ്റൈനില്‍ പറന്നിറങ്ങിയത്. ബഹ്റൈന്‍ എത്തുന്നതിന് മുന്‍പ് ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോള്‍ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ഉത്തരവനുസരിച്ച് രണ്ട് എഫ്-16 പോർവിമാനങ്ങൾ പാപ്പയുടെ വിമാനത്തിന് അകമ്പടിയായി സഞ്ചരിക്കുകയായിരിന്നു.

ഇതിന്റെ ചിത്രങ്ങള്‍ അറബ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ജോര്‍ദ്ദാന്‍ രാജാവിന് പാപ്പയോടുള്ള സ്നേഹത്തിന്റെ തുറന്ന പ്രകടനമായാണ് ഈ നിര്‍ദ്ദേശത്തെ പൊതുവേ നിരീക്ഷിക്കുന്നത്. ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. 2014-ലാണ് ഫ്രാൻസിസ് പാപ്പ ജോര്‍ദ്ദാന്‍ സന്ദര്‍ശിച്ചത്. അന്നു വിശുദ്ധ നാട്ടിലേക്കുമുള്ള മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ, ജോര്‍ദ്ദാനിലെ അമ്മാൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പാപ്പ ദിവ്യബലി അര്‍പ്പിച്ചിരിന്നു. 2017 ഡിസംബറില്‍ അടക്കം വിവിധ അവസരങ്ങളില്‍ ജോര്‍ദാന്‍ രാജാവ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.


Related Articles »