News - 2024
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജീവനെ നശിപ്പിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്: ഫാദര്‍ കരോളസ്
സ്വന്തം ലേഖകന്‍ 19-07-2016 - Tuesday
ജക്കാര്‍ത്ത: വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ കടമ ജീവന്‍ സംരക്ഷിക്കുകയാണെന്നും അത് നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലെന്നും ഫാദര്‍ കരോളസ് ബറോമിയസ്. കത്തോലിക്ക വിശ്വാസികളായ ഡോക്ടറുമാരുടെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജക്കാര്‍ത്ത അതിരൂപതയുടെ നേതൃത്വത്തിലാണ് 'നവലോകത്തില്‍ കത്തോലിക്ക ഡോക്ടറുമാര്‍ നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
"കത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കടമ ജീവന്‍ സംരക്ഷിക്കുക എന്നതാണ്. മനുഷ്യജീവനു ഹാനികരമായ ഒന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പ്രത്യേകിച്ച് ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന് നേര്‍ക്ക്. തങ്ങള്‍ക്കു നേരെ നടക്കുന്ന ഒരാക്രമണത്തേയും ചെറുക്കുവാന്‍ സാധിക്കാത്ത ഗര്‍ഭസ്ഥ ശിശുക്കളേ കൊലപ്പെടുത്തുന്നത് മാരകമായ പാപമാണ്". ഫാദര്‍ കരോളസ് കൂട്ടിച്ചേര്‍ത്തു. യൊഗിയകാര്‍ട്ടയില്‍ സ്ഥിതി ചെയ്യുന്ന കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ് ഫാദര്‍ കരോളസ് ബറോമിയസ്.
കത്തോലിക്ക വിശ്വാസപ്രകാരം മനുഷ്യജീവന്‍ ഗര്‍ഭധാരണം നടക്കുന്ന സമയം മുതല്‍ തന്നെ ആരംഭിക്കുന്നതാണെന്നും വൈദ്യശാസ്ത്ര രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകള്‍ മനുഷ്യജീവന്റെ സംരക്ഷണത്തിനായി വേണം ഉപയോഗപ്പെടുത്തുവാനെന്നും ഫാദര്‍ കരോളസ് സെമിനാറില്‍ പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മേലധികാരികളുടെ നിര്‍ദ്ദേശം കര്‍ശനമായി അനുസരിക്കേണ്ടി വരുന്നതായും ഇതിന് വഴങ്ങി പലപ്പോഴും ഗര്‍ഭഛിദ്രം ചെയ്യേണ്ടി വരുന്നതായും ദമ്പതികള്‍ തങ്ങള്‍ക്ക് കുട്ടികള്‍ ആവശ്യമില്ലെന്ന നിലപാടു സ്വീകരിക്കുന്നത് വെല്ലുവിളിയാകുന്നുവെന്നും ഡോക്ടറുമാര്‍ സെമിനാറില്‍ പറഞ്ഞു.
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ സന്തോഷത്തോടും ബഹുമതിയോടും തന്നെ വേണം അതിനെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടതെന്നും ഫാദര്‍ കരോളസ് ഓര്‍മ്മിപ്പിച്ചു. കൃത്രിമ ഗര്‍ഭധാരണത്തേയും ദയാവധത്തേയും തുടങ്ങി ഡോക്ടറുമാര്‍ ശ്രദ്ധിക്കേണ്ട എല്ലാ വിഷയങ്ങളെയും സംബന്ധിച്ചു സഭയുടെ കാഴ്ച്ചപാട് സെമിനാറില്‍ ഫാദര്‍ കരോളസ് ബറോമിയസ് വിശദീകരിച്ചു. ഇന്തോനേഷ്യയില്‍ ഓരോ മിനിറ്റിലും അഞ്ചു ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുന്നുണ്ടെന്നു ഗൈനക്കോളജിസ്റ്റ് ഇവ റോരിയ പറഞ്ഞു.