News - 2024
ടാൻസാനിയയിലെ വിമാന ദുരന്തം: അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 09-11-2022 - Wednesday
വത്തിക്കാന്‍ സിറ്റി/ ഡോഡോമ: ടാൻസാനിയയിൽ 19 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. അനുശോചനയും പ്രാര്‍ത്ഥനയും അറിയിച്ചുള്ള പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് രാജ്യത്തിനു കൈമാറിയത്. മരിച്ചവർക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച വടക്കൻ ടാൻസാനിയയിലെ ബുക്കോബ നഗരത്തിലേക്കുള്ള യാത്രാമധ്യേ വിക്ടോറിയ തടാകത്തിലാണ് വാണിജ്യ വിമാനം തകർന്ന് വീണത്. 39 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായിരിന്നു വിമാനത്തില്‍ ഉണ്ടായിരിന്നത്. ഇതില്‍ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും, പ്രത്യേകിച്ച് ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ആത്മീയ ഐക്യവും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു. മരിച്ചവരുടെ നിത്യവിശ്രമത്തിനും പരിക്കേറ്റവരുടെ സൗഖ്യത്തിനും രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവരുടെ ശക്തിക്കും വേണ്ടിയും എല്ലാവരിലും സർവശക്തനായ ദൈവത്തിന്റെ സാന്ത്വനവും സമാധാനവും ഉണ്ടാകുന്നതിനായും പ്രാര്‍ത്ഥിക്കുന്നതായും പാപ്പ സന്ദേശത്തില്‍ കുറിച്ചു.
ടാൻസാനിയയുടെ വാണിജ്യ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്ന് രാവിലെ പുറപ്പെട്ട വിമാനം, മോശം കാലാവസ്ഥയിൽ നിയന്ത്രണം നഷ്ട്ടമാകുകയും ആഫ്രിക്കയിലെ വലിയ തടാകങ്ങളിലൊന്നായ വിക്ടോറിയ തടാകത്തിൽ തകരുകയുമായിരിന്നു. ദുരന്തത്തില്‍ ടാൻസാനിയയിലെ കത്തോലിക്ക മെത്രാന്‍മാരും അനുശോചനം അറിയിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പ്പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും എല്ലാ ടാൻസാനിയക്കാർക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മരണപ്പെട്ടവരുടെ ആത്മാക്കളുടെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായും മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു. 2020-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 63%വും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക