Youth Zone

പൊതു അഭിസംബോധനക്കിടയില്‍ പാപ്പയുടെ അടുത്തേക്ക് ചെന്ന് കുട്ടികള്‍; കുഞ്ഞുങ്ങളുടെ ധീരതയെ ഉദാഹരിച്ച് പാപ്പയുടെ പ്രസംഗം

പ്രവാചകശബ്ദം 10-11-2022 - Thursday

വത്തിക്കാന്‍ സിറ്റി: ഇന്നലെ നവംബര്‍ 9നു നടന്ന പൊതു അഭിസംബോധനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധയാകര്‍ഷിച്ച് രണ്ടു കുട്ടികള്‍. ദൈവവചന വായനക്കിടെ ഒരു ആണ്‍കുട്ടിയും, പെണ്‍കുട്ടിയും യാതൊരു ഭയവും കൂടാതെ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അവരെ തടയുവാന്‍ ശ്രമിച്ച ഗാര്‍ഡുകളോട് തന്നെ സമീപിക്കുവാന്‍ അവരെ അനുവദിക്കുവാന്‍ പാപ്പ തന്നെ ആംഗ്യം കാണിക്കുകയായിരുന്നു. ഈ കുട്ടികളുടെ സ്വാതന്ത്ര്യ ബോധം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പൊതു അഭിസംബോധനക്കിടയില്‍ പാപ്പ പറഞ്ഞു. താന്‍ തയ്യാറാക്കിവെച്ചിരിക്കുന്നത് പറയുന്നതിന് മുന്‍പ് ഈ വേദിയിലേക്ക് വന്ന രണ്ടു കുട്ടികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പ ആമുഖമായി പറഞ്ഞു.

“ഇങ്ങനെയായിരിക്കണം നമ്മള്‍ ദൈവത്തോടൊപ്പമായിരിക്കേണ്ടത്. നേരിട്ട് ദൈവത്തോട് എങ്ങിനെ പെരുമാറണമെന്നതിന്റെ ഉദാഹരണമാണ് ഈ കുട്ടികള്‍ കാട്ടിത്തന്നത്: ധൈര്യമായി മുന്നോട്ട് പോവുക! അവന്‍ എപ്പോഴും നമ്മളെ കാത്തിരിക്കുകയാണ്. ഈ കുട്ടികളുടെ ധീരത കാണുന്നത് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. നമുക്കെല്ലാവര്‍ക്കും ഇതൊരു മാതൃകയാണ്. ഇങ്ങനെ സ്വാതന്ത്ര്യത്തോട് കൂടിയായിരിക്കണം നമ്മള്‍ ദൈവത്തേ സമീപിക്കേണ്ടതെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ പ്രസംഗത്തിനിടെ ഈ കുട്ടികള്‍ വീണ്ടും പാപ്പയെ സമീപിക്കുകയുണ്ടായി. പാപ്പ അവരെ തന്റെ സമീപത്തായി ഇരുത്തികൊണ്ട് “ഇന്നത്തെ രണ്ട് ധീരര്‍ ഇവരാണ്” എന്ന് പറയുകയും ചെയ്തു.

ഇതാദ്യമായല്ല പൊതു അഭിസംബോധനക്കിടെ ഇതുപോലെ കുട്ടികള്‍ പാപ്പയുടെ സമീപമെത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ രീതിയില്‍ ഒരു ആണ്‍കുട്ടി പാപ്പയുടെ അടുത്തെത്തുകയുണ്ടായി. യുവാക്കളും പ്രായമായവരും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് താന്‍ പറഞ്ഞതിനുള്ള ഉദാഹരണമാണ് ഈ കുട്ടി കാണിച്ചു തന്നതെന്നാണ് അന്ന് പാപ്പ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോള്‍ ആറാമന്‍ ഹാളില്‍വെച്ചും സമാന സംഭവമുണ്ടായി. ഒരു ആണ്‍കുട്ടി പാപ്പയുടെ അടുത്തെത്തുകയായിരിന്നു. ആ കുട്ടി എല്ലാവര്‍ക്കും ഒരു പാഠമാണെന്നായിരുന്നു അന്ന്‍ പാപ്പയുടെ പരാമര്‍ശം. ''ശിശുക്കളെപോലെ ആകുന്നില്ലെങ്കില്‍, നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല'' എന്ന്‍ യേശു പറഞ്ഞതും പാപ്പ അന്ന് ഉദ്ധരിച്ചിരിന്നു.


Related Articles »