News - 2024

വാഷിംഗ്ടണ്ണില്‍ പ്രാര്‍ത്ഥനയ്ക്കായി ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ഒത്തുകൂടി

സ്വന്തം ലേഖകന്‍ 20-07-2016 - Wednesday

വാഷിംഗ്ടണ്‍: വിവിധ സഭാംഗങ്ങളായ മൂന്നരലക്ഷം ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി വാഷിംഗ്ടണ്ണില്‍ ഒത്തുകൂടി. 'ടുഗതര്‍ 2016' എന്ന പേരില്‍ നടത്തപ്പെട്ട കൂട്ടായ്മ വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളിലാണ് നടന്നത്. യേശുവിലുള്ള വിശ്വാസം നവീകരിക്കുന്നതിനും കൂട്ടായ പ്രാര്‍ത്ഥനയുമാണ് പരിപാടിയിലൂടെ മുഖ്യമായും ലക്ഷ്യമിട്ടത്. യുഎസ് നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ദൈവീക ഇടപെടല്‍ മൂലം പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയും വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മണിക്കാണ് 'ടുഗതര്‍ 2016' ആരംഭിച്ചത്. പരിപാടിയില്‍ പങ്കെടുക്കുവാനായി എത്തിയവര്‍ കിലോമീറ്ററുകളോളം നിരനിരയായി നിന്നു. വൈകുന്നേരം 4 മണിവരെ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തപ്പെട്ടു. 'പള്‍സ്' എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സ്ഥാപകനായ നിക്ക് ഹാളടങ്ങുന്ന ടീമാണ് കൂട്ടായ്മക്ക് നേതൃത്വം നല്കിയത്.

സമ്മേളനത്തിന്റെ ഭാഗമാകുവാന്‍ പ്രശസ്തരായ ഗായകരും സുവിശേഷ പ്രസംഗകരും എത്തിയിരുന്നു. ലൗറന്‍ ഡഗ്ലി, രവി സക്കറിയ, ഫ്രാന്‍സിസ് ചാന്‍, ആന്റി മിനിയോ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു. മുന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരം ടിം ടിബോയും യോഗത്തില്‍ പങ്കെടുത്തു.

പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സന്ദേശം മഹാസമ്മേളനത്തില്‍ വായിച്ചു. "ടുഗതര്‍ 2016-ല്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. ചഞ്ചലപ്പെടാതെ എല്ലാ ക്രൈസ്തവരും ഒത്തുകൂടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ക്രിസ്തുവിങ്കലേക്കുള്ള മടങ്ങിവരവിനായി ഈ സമ്മേളനം വഴിയൊരുക്കട്ടെ. പഠനത്തിനും, പ്രാര്‍ത്ഥനയ്ക്കും, അനുഭവം പങ്കിടുന്നതിനുമായി ഇന്നു നിങ്ങള്‍ കൂടിയിരിക്കുമ്പോള്‍ ഞാന്‍ എന്റെ ആശംസകള്‍ നിങ്ങളെ അറിയിക്കുന്നു". ബറാക്ക് ഒബാമ അയച്ച സന്ദേശത്തില്‍ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിയ്ക്കും പഠനത്തിനുമായി യുഎസില്‍ എത്തിയവര്‍ക്ക് സമ്മേളനം വലിയ ആവേശമാണ് സമ്മാനിച്ചത്. യുഎസ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നുള്ള വിടുതല്‍, കൂട്ടായ പ്രാര്‍ത്ഥനയിലൂടെ ഉണ്ടാകുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


Related Articles »