Faith And Reason
കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ പ്രൊട്ടസ്റ്റൻറ് യൂട്യൂബർ കാമറൂൺ ബെർട്ടൂസി
പ്രവാചകശബ്ദം 18-11-2022 - Friday
ന്യൂയോര്‍ക്ക്: പ്രശസ്ത പ്രൊട്ടസ്റ്റന്റ് യൂട്യൂബ് അവതാരകനായ കാമറൂൺ ബെർട്ടൂസി കത്തോലിക്കാ വിശ്വാസം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 'ക്യാപ്ചറിങ് ക്രിസ്ത്യാനിറ്റി' എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ അദ്ദേഹം തന്റെ ചാനലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കത്തോലിക്ക സഭയിലേക്ക് വരുന്നതിന് മുന്നോടിയായുളള 'റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ ഓഫ് അഡൽറ്റ്സ്' എന്ന വിശ്വാസ പരിശീലനത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോകുന്നതെന്ന് ബെർട്ടൂസി പറഞ്ഞു. അടുത്തവർഷം ഈസ്റ്റർ ദിനം അദ്ദേഹം ഔദ്യോഗികമായി സഭയിലെ അംഗമാകും.
മാർപാപ്പയുടെ സ്ഥാനത്തെ പറ്റി ആഴത്തിൽ പഠിച്ചതാണ് ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് വീഡിയോയുടെ തുടക്കത്തിൽ കാമറൂൺ ബെർട്ടൂസി പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ക്രൈസ്തവ വിശ്വാസത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ ഉതകുന്ന സാക്ഷ്യങ്ങളും, ചർച്ചകളും തന്റെ ചാനലിലൂടെ അദ്ദേഹം ആളുകളിലേക്ക് എത്തിച്ചിരുന്നു. വിനോന - റോച്ചസ്റ്റർ രൂപതയുടെ മെത്രാൻ ബിഷപ്പ് റോബർട്ട് ബാരൺ, പ്രമുഖ കത്തോലിക്ക പ്രഭാഷകൻ സ്കോട്ട് ഹാൻ, ഭൂതോച്ചാടകനായ ഫാ. വിൻസന്റ് ലാംബർട്ട് തുടങ്ങിയവര്‍ 'ക്യാപ്ചറിങ് ക്രിസ്ത്യാനിറ്റി' ചാനലിലെ ചർച്ചകളിൽ പങ്കെടുക്കാൻ എത്തിയിട്ടുളള പ്രമുഖരിൽ ഉൾപ്പെട്ടിരിന്നു.
മാർപാപ്പയുടെ സ്ഥാനത്തെ പറ്റി പഠിക്കുന്ന നാളുകളിൽ, തുറന്ന മനസ്സോടെയാണ് തെളിവുകളുടെ പിന്നാലെ പോയതെന്ന് കാമറൂൺ ബെർട്ടൂസി പറഞ്ഞു. താൻ തെളിവുകളുടെ പിന്നാലെ പോയ സമയത്ത് - പ്രൊട്ടസ്റ്റൻറ് വിശ്വാസത്തെ പറ്റി കൂടുതൽ ആഴത്തിൽ തനിക്ക് ബോധ്യമാകുമെന്ന ഉറച്ച ചിന്തയായിരുന്നു പ്രൊട്ടസ്റ്റൻറ് സുഹൃത്തുക്കൾക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ക്ക് തെറ്റിയെന്നു ബെർട്ടൂസി പറഞ്ഞു. ശുദ്ധമായ ക്രൈസ്തവ വിശ്വാസത്തെപ്പറ്റി ആയിരിക്കും ഇനി തന്റെ ചാനലിലെ ചർച്ചകൾ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1,50,000 സബ്‌സ്‌ക്രൈബേഴ്സ് ഉള്ള ചാനലാണ് ക്യാപ്‌ചറിംഗ് ക്രിസ്‌ത്യാനിറ്റി.