Life In Christ

കത്തോലിക്ക വിശ്വാസത്തെ ചോദ്യം ചെയ്ത പ്രൊട്ടസ്റ്റന്റ് യൂട്യൂബ് താരം കത്തോലിക്ക വിശ്വാസത്തിലേക്ക്

സ്വന്തം ലേഖകന്‍ 20-02-2018 - Tuesday

വാഷിംഗ്ടണ്‍: കത്തോലിക്ക വിശ്വാസ സത്യങ്ങളെ എതിര്‍ത്തിരിന്ന പ്രമുഖ പ്രൊട്ടസ്റ്റന്റ് യൂട്യൂബ് താരം ലിസ്സി എസ്റ്റെല്ലാ റീസെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. ഇക്കാര്യം നവമാധ്യമങ്ങളിലൂടെ ലിസ്സി എസ്റ്റെല്ലാ തന്നെയാണ് പ്രേഷകരെ അറിയിച്ചത്. ‘ലിസ്സീസ് ആന്‍സ്വേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ താരത്തിനു ഒരുലക്ഷത്തിഎണ്‍പത്തിമൂവായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. ഇക്കഴിഞ്ഞ വിഭൂതി ബുധനാഴ്ചയാണ് പ്രൊട്ടസ്റ്റന്‍റ് വിശ്വാസം ഉപേക്ഷിച്ചു കത്തോലിക്ക സഭയില്‍ അംഗമാകുകയാണെന്ന് താരം പ്രഖ്യാപിച്ചത്.

കത്തോലിക്ക വിശ്വാസം ശരിയല്ലായെന്നാണ് താന്‍ കരുതിയിരിന്നതെന്നും എന്നാല്‍ തന്റെ ധാരണകള്‍ തെറ്റാണെന്ന് മനസ്സിലാക്കുവാന്‍ പിന്നീട് കഴിഞ്ഞുവെന്നും ലിസ്സി വീഡിയോയില്‍ വെളിപ്പെടുത്തി. ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് (CoC) എന്ന പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പിലെ അംഗമായാണ് ലിസ്സി വളര്‍ന്നുവന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 16 വയസ്സുള്ളപ്പോഴാണ് അവര്‍ തന്റെ യുടൂബ് ചാനല്‍ ആരംഭിക്കുന്നത്. കൗമാര ബന്ധങ്ങളെക്കുറിച്ച് ഉപദേശം നല്‍കുന്ന താരത്തിന്റെ വീഡിയോകള്‍ യൂട്യൂബില്‍ പിന്നീട് തരംഗമായിരുന്നു.

വിവിധ വിഷയങ്ങളെ കുറിച്ചുള്ള ലിസ്സിയുടെ വീഡിയോകള്‍ മൂന്നരകോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. സി‌ഓ‌സി സഭയുടെ കീഴിലുള്ള പെപ്പെര്‍ഡൈന്‍ യൂണിവേഴ്സിറ്റിയില്‍ തത്വശാസ്ത്രവും, മതവും പഠിച്ചിട്ടുള്ള ലിസ്സി, സി‌ഓ‌സി പ്രേഷിതയായി തായ്ലാന്‍ഡിലേക്ക് പോകുവാനിരിക്കെയാണ് സത്യവിശ്വാസം സ്വീകരിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ആദിമ സഭാ പിതാക്കന്‍മാരുടെ വിവിധ ലേഖനങ്ങളും പുസ്തക വായനകളും തന്നെ സ്വാധീനിച്ചിരുന്നതായി ലിസ്സി പറയുന്നു.

ഇതിനു പുറമേ വിശുദ്ധ കുര്‍ബാനയില്‍ യേശു യഥാര്‍ത്ഥത്തില്‍ സന്നിഹിതനാണെന്നു കത്തോലിക്കര്‍ പറയുന്നത് ബൈബിള്‍ സത്യമാണെന്ന് മനസ്സിലാക്കിയതും മാര്‍പാപ്പ പദത്തെക്കുറിച്ച് സ്റ്റീവ് റേ എഴുതിയിട്ടുള്ള 'അപോണ്‍ ദിസ് റോക്ക്' എന്ന പുസ്തകവുമാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും അവര്‍ വ്യക്തമാക്കി. കത്തോലിക്കയാകുന്നതിനെ താന്‍ വെറുത്തിരുന്നു. പക്ഷേ ഇപ്പോള്‍ മറ്റൊന്നുമായില്ലെങ്കിലും ഒരു കത്തോലിക്ക വിശ്വാസിയാകുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലിസ്സി പറയുന്നു.

“10 ലൈസ് പ്രൊട്ടസ്റ്റന്റ്സ് ബിലീവ് എബൌട്ട്‌ കത്തോലിസിസം! ഫ്രം എ പ്രൊട്ടസ്റ്റന്റ്”, “പ്രൊട്ടസ്റ്റന്റ്സ് വിസിറ്റ്സ് ലാറ്റിന്‍ മാസ്സ്! വാട്ട് ഐ ലവ്ഡ് ആന്‍ഡ്‌ ഹേറ്റ്ഡ്”, “വൈ ഫെയിത്ത് എലോണ്‍”, “സാല്‍വേഷന്‍ ഈസ്‌ റോംഗ്! (ഫ്രം എ പ്രൊട്ടസ്റ്റന്റ്)” തുടങ്ങിയ വീഡിയോകളിലൂടെ കത്തോലിക്കാ സഭയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ലിസ്സി പറഞ്ഞു തുടങ്ങിയിരുന്നു. വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശികൊണ്ടാണ് താരം പ്രേഷകര്‍ക്ക് മുന്നില്‍ തന്റെ വിശ്വാസപ്രഖ്യാപനം നടത്തിയത്.


Related Articles »