Life In Christ - 2024
ലോകകപ്പിലെ ആദ്യ ഗോളില്‍ മഹത്വം യേശുവിന്: മുട്ടിൽ നിന്നുകൊണ്ട് നന്ദി അർപ്പിച്ച ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറല്‍
പ്രവാചകശബ്ദം 21-11-2022 - Monday
ദോഹ: ഇന്നലെ ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യമായ ഖത്തറിനെതിരെ ഗോൾ നേടിയതിനു ശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറല്‍. ഇക്വഡോർ താരങ്ങൾ മുട്ടിൽ നിന്നുകൊണ്ട് ദൈവത്തിന് നന്ദി അർപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇക്വഡോർ വിജയിച്ചു.
ഇന്നലെ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടത്തിന് ശേഷം ടീമംഗങ്ങൾ വൃത്തത്തിന് സമാനമായി ഒരുമിച്ചുകൂടി അവിടെ മുട്ടുകുത്തി നിന്ന് ആകാശത്തിലേക്ക് വിരൽ ചൂണ്ടി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയായിരിന്നു. 2014ലെ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ വിജയം നേടിയതിനു ശേഷം സമാനമായ ആഘോഷം ഇക്വഡോർ നടത്തിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ ജനസംഖ്യയിൽ 80 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്. അതിനാൽ തന്നെ ടീം അംഗങ്ങളിലെ ഭൂരിപക്ഷവും കത്തോലിക്കരാണ്. എ ഗ്രൂപ്പിലാണ് ഇക്വഡോർ ലോകകപ്പിൽ കളിക്കുന്നത്. ഫുട്ബോള്‍ മത്സരങ്ങളില്‍ താരങ്ങള്‍ ദൈവത്തിനുള്ള കൃതജ്ഞത പ്രകാശനം നടത്തുന്നത് പതിവ് സംഭവമാണ്.
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍, തങ്ങളുടെ ടീമിന്റെ വിജയങ്ങളില്‍ '100% ജീസസ്' എന്ന ബാന്‍ഡ് തലയില്‍ക്കെട്ടി ആവേശം പ്രകടിപ്പിക്കാറുള്ളത് മിക്കപ്പോഴുമുള്ള കാഴ്ചയാണ്. ലോകകപ്പിന്റെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണെന്നും എല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നും അര്‍ജന്‍റീനിയന്‍ താരം ലയണല്‍ മെസി കഴിഞ്ഞ ആഴ്ച പറഞ്ഞിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക