News

റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിപ്പിച്ച ദേവാലയത്തിന്റെ ദയനീയ സ്ഥിതി വിവരിച്ച് യുക്രൈന്‍ കന്യാസ്ത്രീ

പ്രവാചകശബ്ദം 21-11-2022 - Monday

കീവ്: റഷ്യന്‍ അധിനിവേശത്തില്‍ നിന്നും യുക്രൈന്‍ സൈന്യം കഴിഞ്ഞയാഴ്ച മോചിപ്പിച്ച മൈകോലൈവ് ജില്ലയിലെ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ട ദയനീയ സ്ഥിതി വിവരിച്ച് യുക്രൈന്‍ കന്യാസ്ത്രീ. സൊസൈറ്റി ഓഫ് ക്രൈസ്റ്റ് സമൂഹാംഗവും ഇടവക വികാരിയുമായ ഫാ. ഒലെക്സാണ്ടര്‍ റെപിന്നിനും, മറ്റ് കന്യാസ്ത്രീകള്‍ക്കുമൊപ്പമാണ് ബെനഡിക്ടന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഫൌസ്റ്റിന കൊവാള്‍സ്ക, കിസെലിവ്കായിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് ബ്ലസ്സഡ് മേരി ദേവാലയത്തിലെത്തിയത്. ദേവാലയത്തിലെത്തിയ തങ്ങള്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലെന്നും, ദേവാലയം വെറും കല്‍ക്കൂമ്പാരം മാത്രമായി മാറിക്കഴിഞ്ഞിരുന്നുവെന്നും സിസ്റ്റര്‍ ദുഃഖത്തോടെ പങ്കുവെച്ചു.

ദേവാലയത്തില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ വന്ന തങ്ങള്‍ അവസാനം റഷ്യന്‍ സൈന്യം ഉപേക്ഷിച്ചിട്ട് പോയ എന്തെങ്കിലും ഉണ്ടോയെന്ന് മാത്രമാണ് തിരഞ്ഞെതെന്നും സിസ്റ്റര്‍ പറയുന്നു. ദേവാലയത്തിന്റെ അവസ്ഥ കണ്ട് തങ്ങള്‍ കരഞ്ഞുപോയി. കുറച്ച് കാലം മുന്‍പ് വരെ ഞായറാഴ്ചകളില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികള്‍ എത്തിയിരുന്ന ഒരു ദേവാലയം അവിടെ ഉണ്ടായിരുന്നോയെന്ന് വരെ സംശയിച്ചുപോകുന്ന അവസ്ഥയിലായിരുന്നു ദേവാലയമിരുന്ന സ്ഥലമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിന് ചുറ്റും റോക്കറ്റുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരിന്നുവെന്നും ക്ലസ്റ്റര്‍ ഷെല്ലുകളുടെ അവശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൊവാള്‍സ്ക പറയുന്നു.

“ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എന്റെ മനസ്സില്‍ സമാധാനം ഉണ്ടായി. മനസ്സിലെ ദൈവത്തിന്റെ ആലയം തകര്‍ന്നിട്ടില്ല. അവിടെ വിദ്വേഷമില്ല, ദേഷ്യമില്ല, അല്‍പ്പം ദുഃഖം മാത്രം. ദൈവത്തെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന ചിന്തയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു”വെന്നും സിസ്റ്റര്‍ പറഞ്ഞു. ഇടവക വിശ്വാസികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ 34 മൈല്‍ അകലെയുള്ള നികോളായേവിലെ ദേവാലയത്തിലാണ് വിശുദ്ധ കുര്‍ബാനക്കായി പോകുന്നത്. അധികം താമസിയാതെ തന്നെ ദേവാലയം പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് കിസെലിവ്കായിലെ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. രണ്ടു ലോക മഹായുദ്ധങ്ങളേയും, കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തേയും അതിജീവിച്ച ദേവാലയമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. റഷ്യന്‍ അധികാരികള്‍ ഈ ദേവാലയത്തെ ആദ്യം സംഭരണശാലയായും പിന്നീട് ട്രാക്ടര്‍ നന്നാക്കല്‍ കേന്ദ്രവുമായി ഉപയോഗിച്ച് വരികയായിരുന്നു. 1990-ല്‍ സൊസൈറ്റി ഓഫ് ക്രൈസ്റ്റ് സമൂഹത്തിന്റെ കൈവശം ലഭിച്ച ദേവാലയം 2013-ല്‍ അന്നത്തെ ഒഡേസ്സ-സിംഫെറോപോള്‍ മെത്രാന്‍ ബ്രോണിസ്ലോ ബെര്‍ണാക്കിയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്.


Related Articles »