News - 2025
മാലിയില്‍ നിന്നു കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സൂചന
പ്രവാചകശബ്ദം 23-11-2022 - Wednesday
ബമാകോ: 'വൈറ്റ് ഫാദേഴ്‌സ്' എന്നറിയപ്പെടുന്ന മിഷ്ണറീസ് ഓഫ് ആഫ്രിക്ക സമൂഹാംഗവും ജര്‍മ്മന്‍ സ്വദേശിയുമായ വൈദികനെ മാലിയില്‍ നിന്നു തട്ടിക്കൊണ്ടുപോയി. ഫാ. ഹാൻസ്-ജോക്കിം ലോഹ്രെയെയാണ് കാണാതായിരിക്കുന്നത്. വൈദികനെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം വ്യാപകമായി നടന്നുവരികയാണെന്നും ഏത് ഗ്രൂപ്പാണ് ഇത് ചെയ്തതെന്നു ഇതുവരെ വ്യക്തമായിട്ടില്ലായെന്നും സന്യാസ സമൂഹം അറിയിച്ചു. "ഹാ-ജോ" എന്നറിയപ്പെടുന്ന അറുപത്തിയഞ്ചു വയസ്സുള്ള ഫാ. ഹാൻസ്-ജോക്കിം, 30 വർഷത്തിലേറെയായി മാലിയില്‍ സേവനം ചെയ്തു വരികയായിരിന്നു. രാജ്യത്തെ ഇസ്ലാമിക്-ക്രിസ്ത്യൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎഫ്ഐസി) ആയിരിന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം.
ഇക്കഴിഞ്ഞ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്‌ക്കായി കലാബൻ കൂറയിലെക്ക് അദ്ദേഹം പോയിരിന്നു. ഇതിനു ശേഷമാണ് വൈദികനെ കാണാതായത്. മാലിയില്‍ വലിയ തോതില്‍ വ്യാപിച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ ശൃംഖല മോചനദ്രവ്യം ലക്ഷ്യമാക്കി വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്ന് സഭാവൃത്തങ്ങള്‍ സൂചന നല്‍കി. ഇതിനിടെ അദ്ദേഹം സേവനം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തു നിന്നു കാര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യുഎൻ ദൗത്യത്തിന്റെ ഭാഗമായി ജർമ്മൻ സൈന്യത്തിന് മാലിയിൽ 1,200 സൈനികർ ഉള്ളതിനാൽ, വൈദികനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ അദ്ദേഹത്തിന്റെ ജര്‍മ്മന്‍ പൌരത്വം ആണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഫ്രാൻസിൽ നിന്നും ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും സൈനികർ പിന്‍വാങ്ങിയെങ്കിലും മാലിയിൽ ഇപ്പോഴും സൈനികരുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ജർമ്മനി.
പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്.