Social Media - 2025

''കടമ നിർവഹിച്ചതിന്റെ പേരിൽ നാളെ നിങ്ങളുടെ മക്കൾ നിങ്ങളെ വീട്ടിൽ കേറ്റാതെ ഗേറ്റ് പൂട്ടിയാൽ എന്ത് ചെയ്യും?'': കുറിപ്പുമായി മാര്‍ തോമസ് തറയില്‍

പ്രവാചകശബ്ദം 28-11-2022 - Monday

എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന്‍ തുടര്‍ച്ചയായ ഉണ്ടാകുന്ന തിരുസഭ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയില്‍ പ്രവേശിപ്പിക്കാതിരുന്ന വിമത വിഭാഗത്തിന്റെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

''എന്തിനു വേണ്ടിയാണിതെല്ലാം എന്ന് ചോദിക്കുന്ന അനേകരുണ്ടാകും: വെറും 15 മിനിറ്റു അൾത്താരയെ നോക്കി കുർബാന ചൊല്ലണമെന്നു നിഷ്കര്ഷിച്ചതിനാണ്. 15 മിനിറ്റ് അൾത്താരയെ നോക്കി നിന്നാൽ വലിയ അവകാശലംഘനമാകുമത്രേ! ഈ സഭയിലെ 45 ലക്ഷം വിശ്വാസികൾക്കില്ലാത്ത പ്രശ്നമാണിത് എന്ന് കൂടി ഓർക്കുക''. - ബിഷപ്പ് കുറിച്ചു. കുരിശോളം സഹനം ഏറ്റെടുത്ത അഭിവന്ദ്യ ആൻഡ്രൂസ് പിതാവിന് നന്ദി എന്ന വാക്കുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

അഭിവന്ദ്യ ആൻഡ്രൂസ് പിതാവിന് നന്ദി! കുരിശോളം സഹനം ഏറ്റെടുത്തതിന്!

മനുഷ്യന്റെ തിന്മക്കും ബലപ്രയോഗത്തിനും മുമ്പിൽ തോറ്റുപോയ മിശിഹാ ആണല്ലോ നമ്മുടെ ദൈവം! കുരിശിലെ തോൽവി ഉത്ഥാനത്തിന്റെ വിജയത്തിലേക്ക് നയിച്ചു. സാത്താന്റെ അട്ടഹാസങ്ങൾ എന്നും നൈമിഷികമായിരുന്നു. കായികശക്തിയുടെ മുമ്പിൽ സഭ തോറ്റുപോയിട്ടുണ്ടാകാം. കാരണം ഏറ്റുമുട്ടലിന്റെ പാത എന്നും സഭയ്ക്കന്യമായിരുന്നു. എന്നാൽ രണ്ടായിരം വർഷത്തെ ഈ സഭയുടെ ചരിത്രത്തിൽ ആത്മീയ ശക്തിയോടെ സഭ വിജയിച്ചു. ദൈവാത്മാവ് സഹനങ്ങളിലൂടെ ഈ സഭയെ ശുദ്ധീകരിക്കും....പ്രത്യാശയോടെ കാത്തിരിക്കാം. സ്വന്തം മെത്രാപ്പോലീത്തയെ കുർബാന ചൊല്ലുന്നതിൽനിന്നും തടഞ്ഞ 'നല്ല' വിശ്വാസികളോട് ഒരു ചോദ്യം: "നിങ്ങളുടെ മക്കൾക്ക് നിങ്ങൾ എന്ത് സന്ദേശമാണ് കൊടുക്കുന്നത്?നിങ്ങളുടെ കടമ നിങ്ങൾ നിർവഹിച്ചതിന്റെ പേരിൽ നിങ്ങളുടെ മക്കൾ നിങ്ങളെ വീട്ടിൽ കേറ്റാതെ നാളെ ഗേറ്റ് പൂട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും?"



എന്തിനു വേണ്ടിയാണിതെല്ലാം എന്ന് ചോദിക്കുന്ന അനേകരുണ്ടാകും: വെറും 15 മിനിറ്റു അൾത്താരയെ നോക്കി കുർബാന ചൊല്ലണമെന്നു നിഷ്കര്ഷിച്ചതിനാണ്. 15 മിനിറ്റ് അൾത്താരയെ നോക്കി നിന്നാൽ വലിയ അവകാശലംഘനമാകുമത്രേ! ഈ സഭയിലെ 45 ലക്ഷം വിശ്വാസികൾക്കില്ലാത്ത പ്രശ്നമാണിത് എന്ന് കൂടി ഓർക്കുക.


Related Articles »