News - 2025

മാതാപിതാക്കൾ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം; കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പാ

ഷാജു പൈലി 27-08-2015 - Thursday

ഓഗസ്റ്റ്‌ 26നു നടത്തിയ പൊതു അഭിസംബോധനയിൽ കുടുംബ പ്രാർത്ഥനയുടെ മഹത്വത്തെപ്പറ്റിയും മാതാപിതാക്കൾ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

മാർപാപ്പായായതിനു ശേഷം അദ്ദേഹം നടത്തിയ നൂറാമത്തെ പൊതു അഭിസംബോധനയായിരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

"നമുക്കെല്ലാവർക്കും പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി അറിയാം, എന്നിരുന്നാലും കുടുംബപ്രാർത്ഥനക്കുവേണ്ടി കുറച്ചു സമയം മാറ്റിവക്കുന്നത് നമുക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്" അദ്ദേഹം പറഞ്ഞു.

"നാം സത്യത്തിൽ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ? എന്ന് ദൈവം നമ്മോടു ചോദിക്കുന്നതുപോലെ ഒരു പക്ഷെ നമ്മൾ നമ്മോടുതന്നെ ചോദിക്കേണ്ട സമയമായിരിക്കുന്നു. അദ്ദേഹം തുടർന്നു. "പ്രാർത്ഥനാഭരിതമായ ഹൃദയം ദൈവസ്നേഹത്തിനു സമാനമാകുന്നു, അത് സ്വന്തം സേനഹം കൊണ്ട് നമ്മെ നിരന്തരം പരിപാലിക്കുന്ന നമ്മുടെ ജീവിതത്തിന്റെ ഉറവിടമാകുന്നു"

"ദൈവസ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഒരുഹൃദയത്തിനു നിശബ്ദമായ ഒരു ചെറിയ ചിന്ത അല്ലെങ്കിൽ ഭക്തിയോടുകൂടിയ ഒരു ചെറിയ ആംഗ്യവിക്ഷേപം എന്നിവയെ പോലും ഒരു പ്രാർത്ഥനയാക്കി മാറ്റുവാൻ കഴിയും" അദ്ദേഹം തുടർന്നു. "നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽപോലും പ്രാർത്ഥനയിലൂടെ കുറച്ചു സമയം നമുക്ക് ദൈവത്തിനു തിരികെ നൽകാനാകും."

"പ്രാർത്ഥനയുടെ പ്രാധാന്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കണ്ടെത്തുന്ന ശാന്തിയിലൂടെ ദൈവത്തിൽ നിന്ന് ലഭിക്കുന്ന അപ്രതീക്ഷിത സമ്മാനങ്ങൾക്ക് നാം അർഹരാവുകയാണ് ചെയ്യുന്നത്. ദിവസേനയുള്ള കുടുംബപ്രാർത്ഥന നമ്മുടെ ഭവനത്തെ, ഈശോയ്ക്ക് എപ്പോഴും സ്വാഗതമോതിയ മാർത്തയുടെയും മറിയത്തിന്റെയും ഭവനത്തെപോലെയാക്കി മാറ്റും" മാർപാപ്പാ പറഞ്ഞു.


Related Articles »