News - 2025

മലയാളി വനിതകളുടെ മഹാസംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം

ഷൈമോൻ തോട്ടുങ്കൽ 05-12-2022 - Monday

ബിർമിംഗ്ഹാം: മലയാളിയുടെ സാംസ്‌കാരിക തനിമയും ക്രൈസ്തവ സ്ത്രീ കൂട്ടായ്മയുടെ കരുത്തും സാഹോദര്യവും കൂട്ടായ്മയും വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സ്ത്രീ സംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം. ബിർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമായി രണ്ടായിരത്തിൽപരം വനിതകൾ പങ്കെടുത്തു. സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായ മെത്രാൻ മാർ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്തു. രാവിലെ സി. ആൻ മരിയ എസ് എച്ചിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ റവ. ഡോ. വർഗീസ് പുത്തൻപുര, ഡോ മേരി മക്കോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റമെന്നും ഈ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്നും ബിഷപ്പ് പറഞ്ഞു. വിശുദ്ധി എന്നത് ദൈവത്തിന്റെ പേരാണ് .വിശുദ്ധി സ്വന്തമാക്കുന്നവർ ദൈവത്തെ സ്വന്തമാക്കുന്നു. അതുകൊണ്ടാണ് ദൈവം സമ്പൂർണ്ണ സൗന്ദര്യമാണെന്ന് പറയുക, ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറഞ്ഞത് കൊണ്ടാണ് ഒരു സൃഷ്ടി ആയ മറിയം സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത്. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണമെന്ന് മാർ സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെലൂസുമാരായ വെരി റവ ഫാ. ജോർജ് ചേലക്കൽ, വെരി റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, വിമൻസ് ഫോറം കമ്മീഷൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ , സി. കുസുമം എസ് എച്ച്, പ്രസിഡന്റ് ഡോ. ഷിൻസി മാത്യു എന്നിവർ പ്രസംഗിച്ചു. വിശുദ്ധ കുർബാനയർപ്പണത്തിനു ശേഷം വിവിധ റീജിയനുകളുടെ നേതുത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി ചടങ്ങിനോടനുബന്ധിച്ച് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

വിമൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു, വൈസ് പ്രസിഡന്റ് ജൈസമ്മ ആഗസ്തി സെക്രട്ടറി റോസ് ജിമ്മിച്ചൻ, ജോയിന്റ് സെക്രട്ടറി ജിൻസി വെളുത്തേപ്പിള്ളി, ട്രെഷറർ ഷിനി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം രൂപത എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും, കൗൺസിലേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള വിവിവിധ കമ്മറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിച്ചത്. മഞ്ജു സി പള്ളം, റീന, രശ്മി മനു എന്നിവർ വളരെ മനോഹരമായി പരിപാടി ആങ്കർ ചെയ്തതും ഏറെ ആകർഷകമായി.

More Archives >>

Page 1 of 807