Arts - 2024

ചരിത്രത്തില്‍ ആദ്യമായി വിര്‍ജീനിയയുടെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ തിരുപിറവിയുടെ പ്രദര്‍ശനം

പ്രവാചകശബ്ദം 10-12-2022 - Saturday

റിച്ച്മോണ്ട്: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജനനത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയുടെ ഭരണസിരാകേന്ദ്രമായ കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്‍പില്‍ ഇതാദ്യമായി തിരുപിറവി ദൃശ്യത്തിന്റെ പ്രദര്‍ശനം. വിര്‍ജീനിയ നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്‍പില്‍ തിരുപിറവി രംഗം പ്രദര്‍ശിപ്പിക്കുന്നത്. ഇന്നലെ ഡിസംബര്‍ 9 വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് വരെയുള്ള സമയത്തു കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ ചരിത്രപരമായ മണിമാളികക്ക് മുന്നിലായിട്ടായിരുന്നു പ്രദര്‍ശനം. അതേസമയം തന്നെ സെന്റ്‌ ബ്രിജെറ്റ് കത്തോലിക്ക ദേവാലയത്തില്‍ ഫാ. ജെയിംസ് ഒ’റെയിലിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ക്രിസ്തുമസ് കരോളുമായി ഒരു ഒത്തുകൂടലും നടന്നു.

‘ക്നൈറ്റ്സ് ഓഫ് കൊളംബസ്’ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സന്നദ്ധ സംഘടനകളാണ് വിര്‍ജീനിയയിലെ കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്നിലെ തിരുപിറവി ദൃശ്യം യാഥാര്‍ത്ഥ്യമാക്കിയത്. മതസ്വാതന്ത്ര്യം, ഒരുമിച്ചുകൂടുന്നതിനുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായിക്കുമെന്നു ക്നൈറ്റ്സ് ഓഫ് കൊളംബസ് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പൊതു സ്കൂളുകള്‍ എന്നിവക്ക് മുന്‍പിലുള്ള തിരുപിറവി ദൃശ്യം ക്രമീകരിക്കുന്നതില്‍ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ അടക്കമുള്ള നിരീശ്വരവാദ സംഘടനകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മതസ്വാതന്ത്ര്യം ആസ്വദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് വിര്‍ജീനിയ അവകാശ പ്രഖ്യാപനത്തില്‍ പറയുന്നതെന്ന്‍ സംഘടനയുടെ മോണ്‍. ഫ്രാന്‍സിസ് ജെ ബയേണ്‍ സമിതിയുടെ ഗ്രാന്‍ഡ്‌ ക്നൈറ്റായ ഡഗ് ലിഞ്ച് പറയുന്നു. ക്രൈസ്തവരുടെ സ്നേഹവും, കരുണയും, ദാനധര്‍മ്മങ്ങളും മാതൃകയാക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണെന്നും ഈ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വിര്‍ജീനിയയിലെ പൊതു സ്ഥലങ്ങളില്‍ ഉണ്ണിയേശുവിന്റെ ജനത്തെ വരവേറ്റുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 39 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്നില്‍ തിരുപിറവി പ്രദര്‍ശിപ്പിച്ചിരുന്നു. ഇക്കൊല്ലം വിര്‍ജീനിയ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളാണ് തങ്ങളുടെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആദ്യമായി തിരുപിറവി രംഗം പ്രദര്‍ശിപ്പിച്ചത്.


Related Articles »