India
തിരുപിറവിയുടെ സന്തോഷം വാനോളം ഉയര്‍ത്തി തൃശൂര്‍ നഗരത്തിന്റെ ബോൺ നത്താലെ
28-12-2025 - Sunday
തൃശൂര്‍: ഒരേ താളത്തിൽ ചുവടുവച്ച പാപ്പാമാരുടെ ഫ്ലാഷ് മോബ് നൃത്തങ്ങളും തിരുപിറവിയുടെ മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക നഗരിയിൽ വിസ്മയക്കാഴ്ചകളൊരുക്കിയതോടെ തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ബോൺ നത്താലെ. ക്രിസ്മസ് ആഘോഷത്തിമർപ്പുമായി വൈകിട്ട് അഞ്ചോടെയാണ് ബോൺ നത്താലെ റാലി നഗരമുഖത്തെത്തിയത്. പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി. പ്രത്യേകം തയാറാക്കിയ പാട്ടിനനുസരിച്ചായിരുന്നു നൃത്തച്ചുവടുകൾ. തൃശൂർ സെന്റ് തോമസ് കോളജിൽനിന്നായിരുന്നു റാലിയുടെ തുടക്കം.
ബോൺ നത്താലെ ആവേശം പടർത്തി വേനൽത്തുമ്പികളെപ്പോലെ സ്കേറ്റിംഗ് പാപ്പാമാരാണു സ്വരാജ് റൗണ്ടിലേക്ക് ഇരമ്പിക്കയറിയത്. അതിനു പിറകിലായി സമ്മാനങ്ങൾ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോൺ പാപ്പയും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയു ള്ള ആവിഷ്കാരങ്ങളൊക്കി മികവുപുലർത്തിയത് ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരുമാണ്. തൊട്ടുപിറകിൽ കുതിരവണ്ടിയിൽ തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോൺ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയർ നിജി ജസ്റ്റിൻ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മന്ത്രിമാരായ കെ. രാജ ൻ, ആർ. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂർ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോൺ നത്താലെ ഘോഷയാത്ര യെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്.
തൊട്ടുപിറകിലായി വീൽച്ചെയർ പാപ്പമാർ കാഴ്‌ചക്കാരുടെ മനംകവർന്നു. കുതിര രഥത്തിലേറിയ വലിയ കുടുംബത്തെ കൗതുകത്തോടെയാണു കാണികൾ വരവേറ്റത്. അതിനുശേഷമാണു ബോൺ നത്താലെയുടെ ആവേശത്തിരകളുയർത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്ലാ ഷ് മോബ് കളിക്കുന്ന പാപ്പമാർ അണിനിരന്നത്. ഒരോ ഇടവകയിലെയും ഇത്തരം ഡാൻസിംഗ് പാപ്പാസംഘങ്ങൾക്കിടയിലായാണ് ഫ്ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്‌മയമൊരുക്കിയത്. മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോൺ നത്താലെയിൽ ആസ്വാദകർക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്.
കേരളത്തിന്റെ ഭൂപടത്തിൻ്റെ പശ്ചാത്തലത്തിൽ ദീപിക പത്രം, അർണോസ് പാതി, ചാവറയച്ചൻ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിനു ക്രൈസ്തവരുടെ സംഭാവനകൾ ഓർമിപ്പിക്കുന്ന ഫ്ലോട്ട്, മദർ തെരേസയ്ക്കു ചുറ്റും കൊൽക്കത്തയിലെ തെരുവുകാഴ്‌ചകൾ, മോശയും 10 ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസൺ സിംഹത്തിൻ്റെ തലതകർക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. ഗലീലി തടാകത്തിൽ യേശുവും ശിഷ്യന്മാരും, തൃശൂരിൻ്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പൂരപ്രൗഢിയുടെ നേർക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം, കഥകളി, ഭരതനാട്യം, ഒപ്പന, മാർ ഗംകളി എന്നിവയും അണിനിരന്നു. അതിരൂപതയിലെ 16 ഫൊറോനകൾക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണു ബോൺ നത്താലെയിൽ പങ്കെടുത്തത്. 165 പള്ളികളിൽ നിന്നു പാപ്പമാരെത്തി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















