Life In Christ

വിശുദ്ധി സംരക്ഷിക്കുന്നതിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഇസബെൽ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 12-12-2022 - Monday

ബാർബസേന: തന്റെ കന്യകാത്വവും ജീവിത വിശുദ്ധിയും സംരക്ഷിക്കുന്നതിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ബ്രസീല്‍ സ്വദേശിനിയായ ഇസബെൽ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വിശുദ്ധി സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കത്തിക്കുത്തേറ്റാണ് ഇസബെൽ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച ( 10 ഡിസംബര്‍ 2022) ബ്രസീലിലെ ബാർബസേനയിൽ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ കർദ്ദിനാൾ റെയ്‌മുണ്ടോ ഡമാസ്‌സെനോ അസ്സിസ് ഫ്രാൻസിസ് പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്നലെ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ പാപ്പ വാഴ്ത്തപ്പെട്ട ഇസബെൽ ക്രിസ്റ്റീനയെ പ്രത്യേകം അനുസ്മരിച്ചിരിന്നു. അവളുടെ വീരോചിതമായ മാതൃക, പ്രത്യേകിച്ച് യുവജനങ്ങളെ വിശ്വാസത്തോടും സുവിശേഷത്തോടുമുള്ള ആഭിമുഖ്യം സാക്ഷ്യപ്പെടുത്താൻ പ്രചോദനമേകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ഇടത്തരം കുടുംബത്തിൽ ജനിച്ച ഇസബെൽ ചെറുപ്പം മുതലേ ഇടവക പള്ളിയിൽ സജീവമായി ബലിയര്‍പ്പണങ്ങളിലും ഇതര തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്നിരിന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ യുവജന വിഭാഗത്തില്‍ അവള്‍ സജീവമായിരിന്നു. തീക്ഷ്ണമായ പ്രാര്‍ത്ഥനയും അടിയുറച്ച വിശ്വാസവും കൂടെകൂടെയുള്ള കുമ്പസാരവും വിശ്വാസ തീക്ഷ്ണതയും അവളുടെ ആത്മീയ ജീവിതത്തിന്റെ മുഖമുദ്രയായി മാറി. ഒരു ശിശുരോഗ വിദഗ്ദ്ധയാകാൻ അവൾ ഏറെ ആഗ്രഹിച്ചു, 1980 ഡിസംബർ 8-ന് അവൾ പ്രൊഫഷണൽ ഡിപ്ലോമ യോഗ്യതാ നേടി. പിന്നീട് മെഡിക്കൽ പഠനം ആരംഭിക്കാൻ ജൂയിസ് ഡി ഫോറയിലേക്ക് (ബ്രസീൽ) താമസം മാറി. സ്വന്തം സഹോദരനു ഒപ്പമായിരിന്നു താമസം.

വീട്ടില്‍ അലമാര ഒരുക്കാന്‍ വന്ന മൗറിലിയോ അൽമേഡ ഒലിവേര എന്നയാള്‍ ഈ യുവതിയുടെ പിറകെയായിരിന്നു. അയാളുടെ പല അഭിപ്രായപ്രകടനങ്ങളിലും അവൾ ക്രമേണ അസ്വസ്ഥയായി, പ്രത്യക്ഷമായും പരോക്ഷമായുമുള്ള അവന്റെ ജഡിക തിന്മ അവന്‍ പ്രകടിപ്പിച്ചെങ്കിലും തനിക്ക് താൽപ്പര്യമില്ലെന്നു പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറുകയും വേഗത്തില്‍ ജോലി തീര്‍ത്തു മടങ്ങി പോകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. 1982 സെപ്തംബർ 1-ന് വൈകുന്നേരം സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ നിലയില്‍ കണ്ട അവളുടെ മൃതദേഹമായിരിന്നു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിന്റെ അടയാളങ്ങളോടെയായിരിന്നു മൃതദേഹം കണ്ടെത്തിയത്.

വിശുദ്ധിയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ചു ഈശോയുടെ സന്നിധിയിലേക്ക് യാത്രയായപ്പോള്‍ അവള്‍ക്ക് 20 വയസ്സു മാത്രമായിരിന്നു പ്രായം. പിന്നീട് പോലീസ് അന്വേഷണത്തിന് ഒടുവില്‍ മൗറിലിയോ അൽമേഡ ഒലിവേര തന്നെയാണ് കൊലപാതകത്തിനു പിന്നിലേന്നു പോലീസ് കണ്ടെത്തി. ഇസബെലിന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ഇയാള്‍ ശ്രമം നടത്തുകയായിരിന്നുവെന്നും ഇതിനെ ശക്തിയുക്തം ഇസബെൽ എതിര്‍ത്തുവെന്നും പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം അനുസരിച്ച്, അവളുടെ കന്യകാത്വം നഷ്ട്ടപ്പെട്ടിരിന്നില്ല.

2000-ൽ ഇസബെൽ ക്രിസ്റ്റീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2020 ഒക്ടോബര്‍ 27നു നീണ്ട നാളത്തെ പഠനങ്ങള്‍ക്കു ഒടുവില്‍ "ഡിഫെൻസം കാസ്റ്റിറ്റൈറ്റിസ്" (കന്യകയായി സ്വയം സംരക്ഷിക്കാൻ ആക്രമണത്തെ അഭിമുഖീകരിച്ച ) പ്രകാരം രക്തസാക്ഷിയായി സ്ഥിരീകരിച്ചു ഫ്രാൻസിസ് പാപ്പ ഡിക്രിയില്‍ ഒപ്പുവെച്ചു. അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ അംഗീകാരം നൽകി. മഹാമാരിയെ തുടര്‍ന്നു നാമകരണ നടപടികള്‍ നീണ്ടുപോകുകയായിരിന്നു. ശനിയാഴ്ച നടന്ന നാമകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് മരിയാന അതിരൂപതയിൽ സ്ഥിതി ചെയ്യുന്ന ബാർബസെന ഔവർ ലേഡി ഓഫ് മേഴ്‌സി ദേവാലയത്തിൽ എത്തിച്ചേര്‍ന്നത്.


Related Articles »