News - 2024

പോളണ്ടില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ നാസികളുടെ കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 22-07-2016 - Friday

വത്തിക്കാന്‍: ലോകയുവജന സമ്മേളനത്തോടനുബന്ധിച്ച് പോളണ്ട് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ നാസികളുടെ ജൂത കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട 10 പേരെ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ഔഷ്വിറ്റ്‌സില്‍ എത്തുന്ന മാര്‍പാപ്പ അവിടെ നിന്നും 'ബ്ലോക്ക്-11' ലേക്ക് പോകും. അവിടെ എത്തുന്ന മാര്‍പാപ്പയെ പോളണ്ട് പ്രധാനമന്ത്രി ബിയാറ്റ് സിഡ്‌ലോയും ജൂത കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ട 10 അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. വത്തിക്കാന്‍ മാധ്യമ വിഭാഗം തലവന്‍ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡിയാണ് നാസി കൂട്ടക്കുരുതിയില്‍ നിന്നം രക്ഷപ്പെട്ട പത്ത് പേരെ പാപ്പ കാണുമെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്.

നാസി ഭരണകാലത്ത് സ്വേച്ഛാധിപതിയായിരിന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ സൈന്യം 'ബ്ലോക്ക്-11'-ല്‍ വച്ചാണ് ഒരു മില്യണ്‍ ജൂതന്‍മാരെ കൊലപ്പെടുത്തിയത്. ജൂതന്‍മാരെ തിരഞ്ഞ് പിടിച്ച് വധിച്ച ഹിറ്റ്‌ലറുടെ കൈയില്‍ നിന്നും അവരെ സംരക്ഷിക്കുവാനും ചിലര്‍ ജീവന്‍ പണയപ്പെടുത്തി തയ്യാറായി. ഇത്തരത്തില്‍ ജൂതന്‍മാരെ രക്ഷിച്ച 25 പേരേയും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ബ്ലോക്ക് -11 ല്‍ മാര്‍പാപ്പ പരസ്യമായി കുര്‍ബാന അര്‍പ്പിക്കുകയില്ലയെന്നും സ്വകാര്യമായിട്ടായിരിക്കും അദ്ദേഹം ബലിയര്‍പ്പിക്കുകയെന്നും ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി സൂചിപ്പിച്ചു. തന്റെ എല്ലാ പ്രതികരണവും അവിടെ സൂക്ഷിച്ചിട്ടുള്ള സന്ദര്‍ശകരുടെ ബുക്കില്‍ പാപ്പ എഴുതും.

നാസികളുടെ കൊടും ക്രൂരതയ്ക്ക് നടുവില്‍ രക്തസാക്ഷിത്വം വരിച്ചവരില്‍ കത്തോലിക്ക സഭയിലെ രണ്ട് വിശുദ്ധരും ഉള്‍പ്പെടുന്നു. മാക്‌സിമിലിയന്‍ കൊള്‍ബേ, തെരേസ ബനഡിക്ടാ എന്നിവരാണ് ഈ വിശുദ്ധര്‍. വിശുദ്ധ മാക്‌സിമില്യന്‍ കൊള്‍ബേ മറ്റൊരാള്‍ക്കു വേണ്ടി വിധിച്ച വധശിക്ഷയ്ക്ക് പകരം തന്നെ കൊല്ലുവാന്‍ ആവശ്യപ്പെട്ട വ്യക്തിയാണ്. ഇത്തരത്തില്‍ രക്തസാക്ഷിയായ മാക്‌സിമിലിയന്‍ കൊള്‍ബേയുടെ 75-ാം ചരമവാര്‍ഷികം കൂടിയാണ് ജൂലൈ 29. ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തുന്ന പാപ്പ സെസ്സ്‌റ്റോചോവിലുള്ള പരിശുദ്ധ അമ്മയുടെ ദേവാലയം സന്ദര്‍ശിക്കുകയും ബ്രിസേഗിയായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.