News - 2025
ഗ്രേറ്റ് ബ്രിട്ടൻ രൂപത പഞ്ചവത്സര അജപാലന പദ്ധതി പ്രകാശനം ചെയ്തു
ഷൈമോൻ തോട്ടുങ്കൽ 22-12-2022 - Thursday
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ "പരിശുദ്ധൻ പരിശുദ്ധർക്ക്" എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ (2022 -2027) ആദ്യ പ്രതി പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ട് ആർച്ച് ബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ലണ്ടനിലെ ഉക്രേനിയൻ കത്തോലിക്കാ രൂപതാ മെത്രാൻ കെന്നെത് നൊവാകൊസ്‌കിക്ക് നൽകി പ്രകാശനം ചെയ്തു. 2020 - 2022 കാലയളവിലെ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി ശുശ്രൂഷ ചെയ്യുന്ന ആർച്ച് ബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി പ്രീഫെക്ട് ആയി ചുമതലയേൽക്കാനായി റോമിലേക്ക് പോകുന്നതിനു മുന്നോടിയായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി ലണ്ടനിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ വിൻസെന്റ് നിക്കോളസിന്റെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയോടെയാണ് ആരംഭിച്ചത്. സീറോ മലബാർ സഭയുടെ തനത് ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, സംസ്കാരം തുടങ്ങിയവ വരുന്ന അഞ്ചു വർഷങ്ങളിൽ പഠിക്കാനും , നടപ്പിലാക്കാനും ഉതകുന്ന രീതിയിൽ തായാറാക്കപ്പെട്ടിട്ടുള്ളതാണ് ഈ പഞ്ചവത്സര അജപാലന പദ്ധതി.