India - 2025

താലിബാന്‍ പ്രവണത കേരളത്തിൽ വളരുവാൻ സർക്കാർ അനുവദിക്കരുത്: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

പ്രവാചകശബ്ദം 24-12-2022 - Saturday

പത്തനംതിട്ട: സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായതെന്തും നശിപ്പിക്കുന്ന താലിബാന്‍ പ്രവണത കേരളത്തിൽ വളരുവാൻ സർക്കാർ അനുവദിക്കരുതെന്ന് കെസിസി. മ തേതര രാജ്യമായ ഇന്ത്യയിൽ ഒരു മതത്തിനും പ്രത്യേക പ്രാധാന്യം നല്കേണ്ടതില്ല. എന്നാൽ, എല്ലാ മതത്തിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്ന സഹിഷ്ണുതയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നാടാണിതെന്ന് കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് ചൂണ്ടിക്കാട്ടി.

കാസർകോട് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ച പുൽക്കൂട് ഒരു മതതീവ്രവാദി നശിപ്പിച്ച സംഭവത്തിൽ ശക്തമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധിച്ചതായും പ്രകാശ് പി. തോമസ് അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ നടപടി സ്വീകരിക്കാത്ത സർക്കാർ സമീപനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിന് നേരെ സമീപകാലത്ത് ഉണ്ടാകുന്ന നീതി നിഷേധത്തിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണുവാൻ കഴിയുകയുള്ളൂ.

സർക്കാർ ഓഫീസുകളിൽ മാത്രമല്ല ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാ ഭ്യാസ സ്ഥാപനങ്ങളിൽ പോലും മതതീവ്രവാദികൾ ഭീഷണി ഉയർത്തുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. കോതമംഗലത്തും കായംകുളത്തും വെള്ളമുണ്ടയിലും ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ മതതീവ്രവാദികൾ പ്രശ്നങ്ങളുണ്ടാക്കിയത് ഇതിനുദാഹരണമാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടി.