Life In Christ - 2025

ക്രൈസ്തവര്‍ രാജ്യത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീന

പ്രവാചകശബ്ദം 27-12-2022 - Tuesday

ധാക്ക: ബംഗ്ലാദേശിന് വേണ്ടി ക്രൈസ്തവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഷെയിഖ് ഹസീന. ഇരുന്നൂറോളം പേരടങ്ങുന്ന ക്രൈസ്തവ പ്രതിനിധിസംഘവുമായി ധാക്കയിലെ ഗവേഷണ കൗണ്‍സിലിന്റെ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടയിലാണ് ഷെയിഖ് ഹസീന നന്ദിയര്‍പ്പിച്ചത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള ഒരു ബംഗ്ലാദേശ് പടുത്തുയര്‍ത്തികൊണ്ടിരിക്കുകയാണ് തങ്ങളെന്നും ക്രൈസ്തവര്‍ രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും ഷെയിഖ് ഹസീന പറഞ്ഞു.

ക്രിസ്ത്യന്‍ റിലീജിയസ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സഹായത്തോടെ ബംഗ്ലാദേശ് യുണൈറ്റഡ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ധാക്ക മെത്രാപ്പോലീത്തയും ബംഗ്ലാദേശ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മോണ്‍. ബിജോയ്‌ എന്‍ ക്രൂസ്, ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മോള്‍ റൊസാരിയോ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ ക്രിസ്തുമസ് വേളയില്‍ ബംഗ്ലാദേശിലെ എല്ലാ ക്രൈസ്തവര്‍ക്കും ആശംസകൾ അറിയിക്കുന്നുവെന്നും നീതിയും സമാധാനവും പുനഃസ്ഥാപിക്കുവാനാണ് യേശു ക്രിസ്തു ഭൂമിയില്‍ വന്നതെന്നും യേശുവിനെ ബഹുമാനത്തോടെ ഓര്‍മ്മിക്കുന്നുവെന്നും ഷെയിഖ് ഹസീന ആശംസയില്‍ പറഞ്ഞു.

നമ്മുടെ ജനത ഒരേ മതവിശ്വാസത്തില്‍പ്പെട്ടവരല്ല. എല്ലാവരുടേയും ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് നന്മ ചെയ്യുവാനാണ് യേശു ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ഷെയിഖ് മുജിബുര്‍ റഹ്മാനും ഇതില്‍ വിശ്വസിച്ചിരുന്നുവെന്നും ഷെയിഖ് ഹസീന കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ട് സമൂഹത്തില്‍ പിന്തള്ളപ്പെട്ടവരെ മുന്നിലേക്ക് കൊണ്ടുവരുമെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് ആശംസ അവസാനിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തോടു കാണിച്ച പരിഗണനക്ക് മോണ്‍. ബിജോയ്‌ എന്‍ ക്രൂസ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗീസ് മിഷ്ണറിമാരാണ് ബംഗ്ലാദേശില്‍ സുവിശേഷ പ്രഘോഷണത്തിന് തുടക്കമിട്ടത്. നിലവില്‍ 16.6 കോടിയോളം വരുന്ന ബംഗ്ലാദേശി ജനസംഖ്യയില്‍ പത്തു ലക്ഷം ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. ഇതില്‍ പകുതി കത്തോലിക്കരും ബാക്കി പകുതി പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളുമാണ്.


Related Articles »