News - 2026
ഭീഷണി സന്ദേശം; ബംഗ്ലാദേശിലെ ക്രൈസ്തവര്‍ കടുത്ത ആശങ്കയില്‍
പ്രവാചകശബ്ദം 29-01-2026 - Thursday
ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരായ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ക്രൈസ്തവര്‍ കഴിയുന്നത് കടുത്ത ആശങ്കയില്‍. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടനം ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തില്‍ ധാക്കയ്ക്കടുത്തുള്ള ഗാസിപൂർ ജില്ലയിലെ സെന്റ് നിക്കോളാസ് ഇടവകയിൽ നടത്താനിരിക്കെ വലിയ ആശങ്കയാണ് വിശ്വാസികള്‍ പങ്കുവെയ്ക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന വാർഷിക തീർത്ഥാടനം ഇത്തവണ ആറിനാണ് നടക്കുക.
പിറ്റേ ആഴ്ച ഫെബ്രുവരി 12നു ദേശീയ തെരഞ്ഞെടുപ്പ് നടത്താനിരിക്കെ സുരക്ഷഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഒത്തുചേരലിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും, പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയിലും ഭിന്നാഭിപ്രായമുണ്ട്. അടിസ്ഥാനപരമായി, ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ സമുദായത്തെ അവരുടെ തുറുപ്പുചീട്ടായി ഉപയോഗിക്കുന്നുവെങ്കിലും സമീപ മാസങ്ങളിൽ കത്തോലിക്കാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നിരവധി ഭീഷണി ലഭിച്ചതാണ് സുരക്ഷാ ആശങ്കയ്ക്കു കാരണം.
കഴിഞ്ഞ നവംബറിൽ, ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും കോളേജിലും ബോംബുകൾ പൊട്ടിത്തെറിച്ചിരിന്നു. മതപരിവർത്തന ശ്രമങ്ങൾ സ്കൂളുകൾ നിർത്തിയില്ലെങ്കിൽ പള്ളികൾ, കത്തീഡ്രലുകൾ, ചാപ്പലുകൾ, മിഷ്ണറി സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഡിസംബറിൽ മുന്നറിയിപ്പ് സന്ദേശവും ലഭിച്ചിരിന്നു. രാജ്യത്തെ രണ്ട് പ്രശസ്ത കത്തോലിക്കാ കോളേജുകൾക്കും നേരത്തെ ഭീഷണി കത്തുകൾ ലഭിച്ചിരിന്നു. 2022 ലെ ബംഗ്ലാദേശ് സെൻസസ് പ്രകാരം, രാജ്യത്തെആകെ ക്രൈസ്തവരുടെ എണ്ണം 488,583 മാത്രമാണ്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മൊത്തം ജനസംഖ്യയുടെ 0.3% ആണ് ക്രൈസ്തവര്‍.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















