News - 2025

2022-ൽ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാർ

പ്രവാചകശബ്ദം 30-12-2022 - Friday

വത്തിക്കാന്‍ സിറ്റി: പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ 2022-ൽ ആഗോള തലത്തില്‍ കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരുടെ കണക്ക് പുറത്ത്. 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാരാണ് ദാരുണമായി മരണപ്പെട്ടതെന്നു പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട മിഷ്ണറിമാരില്‍ വൈദികരെ കൂടാതെ സന്യാസിനികളും അല്‍മായരും ഉള്‍പ്പെടുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ മിഷ്ണറിമാർ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. അവിടെ 7 വൈദികരും രണ്ട് സന്യാസിനികളും ഉള്‍പ്പെടെ 9 മിഷ്ണറിമാരാണ് മരണം വരിച്ചത്. ലാറ്റിൻ അമേരിക്കയില്‍ 8 മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 4 വൈദികര്‍ ഉള്‍പ്പെടുന്നുണ്ട്. 2001 മുതൽ 2021 വരെ ലഭ്യമായ കണക്ക് പ്രകാരം ലോകത്ത് 526 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്.

വസ്ത്രമോ ആഹാരമോ ലഭ്യമാകാത്ത അനേകം പ്രാകൃത ആചാരങ്ങളില്‍ കഴിയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശങ്ങളിലേക്ക് കടന്നുചെല്ലുന്ന മിഷ്ണറിമാരുടെ നിസ്തുലമായ ഇടപെടലില്‍ ആയിരങ്ങളാണ് പുതുജീവിതം ആരംഭിച്ചിട്ടുള്ളത്. ഭരണകൂടങ്ങള്‍ പോലും അവജ്ഞയോടെ നോക്കികാണുന്ന ജനവിഭാഗങ്ങള്‍ക്ക് ഇടയിലേക്ക് കടന്നുചെല്ലുവാന്‍ മിഷ്ണറിമാര്‍ മാത്രമേ തയാറാകുന്നുള്ളൂവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ആശീര്‍വാദം നടത്തി അയച്ചിരിന്നു. മാർപാപ്പ ആശീർവദിച്ച 430 മിഷ്ണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്.


Related Articles »