News - 2024

ബെനഡിക്ട് പാപ്പ ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട ദൈവശാസ്ത്രജ്ഞനായി എക്കാലവും ഓർമ്മിക്കപ്പെടും: യുഎസ് പ്രസിഡന്‍റ് ബൈഡന്‍

പ്രവാചകശബ്ദം 01-01-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന് ആദരാഞ്ജലികൾ അർപ്പിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. മുന്‍ പാപ്പയുടെ വേര്‍പ്പാടില്‍ ദുഃഖമുണ്ടെന്നും ബെനഡിക്ട് പാപ്പ ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട ദൈവ ശാസ്ത്രജ്ഞനായി എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. ജില്ലും (ഭാര്യ) താനും ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം, പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തന്റെ തത്വങ്ങളും വിശ്വാസവും വഴി നയിക്കപ്പെടുന്ന, സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ, നിലകൊണ്ട പ്രമുഖ ദൈവശാസ്ത്രജ്ഞനായി അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും ബൈഡൻ പറഞ്ഞു.

വൈസ് പ്രസിഡന്റെന്ന നിലയിൽ, ബൈഡൻ 2011- ല്‍ വത്തിക്കാനിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരിന്നു. അന്ന് ബെനഡിക്ട് മാർപാപ്പയോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിച്ചിരിന്നു, അദ്ദേഹത്തിന്റെ ഇടപെടലും സ്വാഗതവും അർത്ഥവത്തായ സംഭാഷണവും താന്‍ എക്കാലവും സ്മരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പാപ്പയുടെ ജീവകാരുണ്യ ശുശ്രൂഷയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ നമുക്കെല്ലാവർക്കും പ്രചോദനമായി തുടരട്ടെയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തന്റെ ജീവിതകാലയളവില്‍ ഭ്രൂണഹത്യ എന്ന മാരക തിന്മയെ ശക്തമായി എതിര്‍ത്തു പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. അതേസമയം ഭ്രൂണഹത്യ വ്യാപിപ്പിക്കുവാന്‍ കുപ്രസിദ്ധമായ പല നടപടികളും കൈക്കൊണ്ടിട്ടുള്ള വ്യക്തിയാണ് ബൈഡന്‍.


Related Articles »