News - 2024
ഇസ്രായേലില്‍ ബെനഡിക്ടന്‍ മഠാധിപതിയായ വൈദികന് നേരെ യഹൂദ ദേശീയവാദികളുടെ ആക്രമണം
പ്രവാചകശബ്ദം 09-02-2024 - Friday
ജെറുസലേം: ഇസ്രായേലില്‍ ബെനഡിക്ടൻ സമൂഹത്തിന്റെ മഠാധിപതിയായ വൈദികന് നേരെ യഹൂദ ദേശീയവാദികള്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഫാ. നിക്കോദെമോസ് ഷ്നാബെല്‍ എന്ന വൈദികനെ രണ്ട് യുവ യഹൂദ ദേശീയവാദികളാണ് ആക്രമിച്ചതെന്ന് 'കാത്തലിക് ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്യുന്നു. അർമേനിയൻ യഹൂദ ക്വാർട്ടേഴ്സുകൾക്കിടയിലുള്ള അതിർത്തിയിലെ സിയോന്‍ ഗേറ്റിന് സമീപമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളും 20 വയസ്സുള്ള ഒരു യഹൂദനും വൈദികനെ തുപ്പുകയും അസഭ്യ വാക്കുകളാല്‍ യേശുവിനെതിരെ ആക്രോശിക്കുകയുമായിരിന്നു.
ജർമ്മൻ മാധ്യമപ്രവർത്തക നതാലി അമിരി ഈ രംഗം തത്സമയം പകർത്തിയതോടെ സംഭവം വിവാദമായി. യഹൂദ മതപാഠശാലകളും തീവ്ര ഓർത്തഡോക്സ് യഹൂദരും തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് ബെനഡിക്ടൻ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സന്യാസികള്‍ പലപ്പോഴും തീവ്ര യഹൂദവാദികളില്‍ നിന്ന് ആക്രമണത്തിന് വിധേയരായിട്ടുണ്ട്. രാത്രിയിൽ, ആശ്രമത്തിന് നേരെ കല്ലേറ് ഉണ്ടായ സംഭവം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരിന്നു. ഡിസംബർ അവസാനത്തിൽ, ഓർത്തഡോക്സ് സെമിത്തേരിയുടെ ചുവരിൽ ''ക്രിസ്ത്യൻ മിഷ്ണറിമാർ ഹമാസിനേക്കാൾ മോശമാണ്" എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിന്നു.
തീവ്ര മാനസികാവസ്ഥ മാറ്റാൻ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഭൂരിഭാഗം ആളുകളും ഈ നടപടികളെ പരസ്യമായി അപലപിച്ചാൽ, ഒരുപക്ഷേ വ്യക്തികൾ തുപ്പുകയോ നിന്ദ്യമായ പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുമെന്നും ക്രമേണ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നും ജറുസലേം സെൻ്റർ ഫോർ ജൂത-ക്രിസ്ത്യൻ റിലേഷൻസിൻ്റെ പ്രോഗ്രാം ഡയറക്ടർ ഹന ബെൻഡ്‌കോവ്‌സ്‌കി പറഞ്ഞു. സമീപ മാസങ്ങളിൽ, ക്രൈസ്തവര്‍ക്ക് നേരെ യഹൂദ ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വലുതാണെങ്കിലും യുദ്ധത്തിനിടെ വിഷയത്തിന് ശ്രദ്ധ ലഭിച്ചില്ലായെന്നാണ് പുറത്തുവരുന്ന വിവരം.