News

ബെനഡിക്ട് പാപ്പയുടെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കുചേര്‍ന്നവരുടെ കൂട്ടത്തിൽ കർദ്ദിനാൾ സെന്നും

പ്രവാചകശബ്ദം 06-01-2023 - Friday

ഹോങ്കോങ്: ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ വിചാരണ നേരിടുന്ന ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നും വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ഹോങ്കോങ്ങിലെ അധികൃതർ അഞ്ചുദിവസത്തേക്ക് പാസ്പോർട്ട് വിട്ടു നൽകിയതിനെ തുടർന്നാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്. 2006-ല്‍ ബെനഡിക്ട് പാപ്പയായിരുന്നു അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട കർദ്ദിനാൾ സെന്നിന് വത്തിക്കാനിലേയ്ക്ക് പോകാൻ പ്രാദേശിക കോടതിയാണ് അനുമതി നൽകിയത്. മൂന്നാം തീയതിയാണ് ഇത് സംബന്ധിച്ച് അനുമതി ലഭിച്ചത്.

സത്യത്തിന്റെ വലിയ കാവലാളായിരുന്നു ബെനഡിക്ട് പാപ്പയെന്ന് കർദ്ദിനാൾ സെന്‍ തന്റെ ബ്ലോഗിൽ അനുസ്മരിച്ചു. അനവധി തിരിച്ചടികൾ ഉണ്ടായെങ്കിലും ചൈനയിലെ സഭയ്ക്ക് പിന്തുണയുമായി നിരവധി അസാധാരണമായ നടപടികൾ ബെനഡിക് പാപ്പയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നും ചൈനയിലെ സഭയോട് കാണിച്ച കരുതലിനു ബെനഡിക് പാപ്പയോട് ചൈനയിലെ സഭയിലെ ഒരു അംഗമെന്ന നിലയിൽ വലിയ കൃതജ്ഞതയുണ്ടെന്നും കർദ്ദിനാൾ സെൻ പറഞ്ഞു. ഹോങ്കോങ്ങിലെ മെത്രാൻ സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് 2008ൽ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയുടെ വിചിന്തനം എഴുതാൻ ബെനഡിക്ട് പാപ്പ നിയോഗിച്ചതു കർദ്ദിനാൾ സെന്നിനെയായിരുന്നു.

നേരത്തെ കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ചുമത്തിയത്. ചനയുടെ കിരാത നടപടിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും, മുറിവേല്‍ക്കുകയും, ആക്രമിക്കപ്പെടുകയും, ഭീഷണിക്കിരയാവുകയും ചെയ്തവരെ സഹായിക്കുന്നതിനായി 2019 ജൂണിലാണ് '612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്' രൂപീകരിച്ചത്.




Related Articles »