India - 2024
15,05,000 രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിക്കൊണ്ട് ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള്‍
\ 10-01-2023 - Tuesday
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നൽകി ജീവന്റെ സ്പർശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ. മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനിൽപ്പിനായി 15,05,000 രൂപയാണു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുദേന്തിവാഴ്ചയിലൂടെ സമാഹരിച്ച തുക നൽകിയാണ് മനുഷ്യസ്നേഹത്തിന്റെ മഹാസന്ദേശം. 1505 പേർ ആയിരം രൂപ വീതം നൽകി ലഭിച്ച ഈ രൂപ കത്തീഡ്രൽ റൂബി ജൂബിലിയുടെ സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കു കൈമാറുകയായിരുന്നു.
തിരുനാൾ ദിവ്യബലി മധ്യേ ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് പ്രസുദേന്തി കൺവീനർ ബാബു ചേലക്കാട്ടുപറമ്പിൽ, ജോയിന്റ് കൺവീനർ ഡേവിസ് പടിഞ്ഞാറേക്കാരൻ എ ന്നിവർ ചേർന്ന് 15,05,000 രൂപയുടെ രൂപയുടെ ചെക്ക് കൈമാറി. ബിഷപ്പ് ഈ ചെക്ക് കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്തിനെ ഏൽപ്പിച്ചു. 2019 സെപ്റ്റംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചാണ് സെന്റ് വിൻസെന്റ് ഡയബറ്റിക്സ് സെന്ററിൽ സൗജന്യ ഡയാലിസിസ് സെ നററിന്റെ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് ഡയാലിസിസ് മെഷീനുകൾ വഴി രണ്ടു ഷിഫ്റ്റ്കളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക.