Arts - 2025
ബംഗ്ലാദേശിലെ സുവിശേഷവത്ക്കരണത്തിന്റെ പ്രധാന ഉപകരണമായി റേഡിയോ; ശ്രോതാക്കളില്‍ 95%വും അക്രൈസ്തവര്‍
പ്രവാചകശബ്ദം 11-01-2023 - Wednesday
ധാക്ക: ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലെ സുവിശേഷവത്കരണത്തിലെ ഏറ്റവും ഫലവത്തായ ഉപകരണമായി റേഡിയോ മാറുന്നു. ഏഷ്യയിലെ കത്തോലിക്ക ബ്രോഡ്കാസ്റ്റിംഗ് സേവനമായ ‘റേഡിയോ വെരിത്താസ് ഏഷ്യ’യുടെ (ആര്‍.വി.എ) ബംഗ്ലാദേശി ഭാഷാ സേവനമാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. സമീപകാലത്ത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കായില്‍വെച്ച് ‘ആര്‍.വി.എ’യുടെ ബംഗാളി സര്‍വീസ് തങ്ങളുടെ ശ്രോതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ പുറത്തുവിട്ടതാണ് ഇക്കാര്യം. കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്ന കൂടിക്കാഴ്ചകളില്‍ നിന്നും, സര്‍വ്വേകളില്‍ നിന്നും ‘ആര്‍.വി.എ’യുടെ ശ്രോതാക്കളില്‍ 95 ശതമാനവും അക്രൈസ്തവരാണെന്ന്‍ വ്യക്തമായെന്നു അധികൃതര്‍ വെളിപ്പെടുത്തി.
ധാക്കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അക്രൈസ്തവര്‍ തങ്ങള്‍ കത്തോലിക്കാ റേഡിയോ പരിപാടികള്‍ കേള്‍ക്കാറുണ്ടെന്നും, അത് തങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കുട്ടിക്കാലം മുതല്‍ റേഡിയോ വെരിത്താസ് ഏഷ്യയുടെ ബംഗാളി പരിപാടികള്‍ ശ്രവിച്ച് വരികയാണെന്നും ‘ചടോണ’ (ബോധവല്‍ക്കരണം) എന്ന പരിപാടിയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും റേഡിയോ വേരിത്താസ് ഏഷ്യയുടെ ശബ്ദം തനിക്കും കുടുംബത്തിലും ജ്ഞാനത്തിന്റെ വെളിച്ചം പകരുകയും തൊഴില്‍പരവും വ്യക്തിപരവുമായ വികാസത്തില്‍ സഹായിക്കുകയും ചെയ്തുവെന്നും ദിഡാദുറുല്‍ ഇക്ബാല്‍ എന്ന മുസ്ലീം ശ്രോതാവ് പറഞ്ഞു.
ആസിഫ് ഇക്ബാല്‍ എന്ന മറ്റൊരു ഇസ്ലാം മത വിശ്വാസിയും ‘ആര്‍.വി.എ’യുടെ സേവനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചു. തന്റെ ജീവിതത്തിന്റെ കരകൗശലക്കാരനാണ് ‘റേഡിയോ വെരിത്താസ് ഏഷ്യ’ എന്ന്‍ പറഞ്ഞ ആസിഫ് താന്‍ ആര്‍.വി.എ കുടുംബത്തിലെ മുഴുവന്‍ സമയ അംഗമാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ കത്തോലിക്കാ റേഡിയോ സ്റ്റേഷനില്‍ നിന്നും തനിക്ക് മൂല്യവത്തായ പല ഉപദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് ‘സ്ത്രീകളുടെ ഉന്നമനവും, സ്വയം തീരുമാനവും’ എന്ന പരിപാടിയെ പരാമര്‍ശിച്ചുകൊണ്ട് മറ്റൊരു ശ്രോതാവായ ഫിരോജ അക്തര്‍ പറഞ്ഞത്.ആര്‍.വി.എ സത്യവും, കാരുണ്യവും, മാനുഷികാന്തസ്സും, യേശുവിന്റെ സുവിശേഷവും ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സ്റ്റേഷന്റെ ബംഗ്ലാദേശ് കോഡിനേറ്ററായ ഫാ. അഗസ്റ്റിന്‍ ബുല്‍ബുല്‍ റെബേരോ പറഞ്ഞു.
1974-ലാണ് ഏഷ്യന്‍ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍ (എഫ്.എ.ബി.സി) 'ആര്‍.വി.എ'യുടെ ചുമതല ഏറ്റെടുക്കുന്നത്. 1980 ഡിസംബര്‍ 1നു ‘ആര്‍.വി.എ’യുടെ ബംഗ്ലാദേശി സേവനം ആരംഭിക്കുകയായിരിന്നു. ഷോര്‍ട്ട് വേവില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആര്‍.വി.എ 2018 മുതലാണ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയത്. മതം, സംസ്കാരം, ആത്മീയത, ആനുകാലിക സംഭവങ്ങള്‍ തുടങ്ങിയവയേക്കുറിച്ചുള്ള സംവാദങ്ങളുമായി ഏഷ്യന്‍ സഭയുടെ ശബ്ദമായി ആര്‍.വി.എ ഇന്ന്‍ മാറിക്കഴിഞ്ഞു. 1969-ല്‍ മനില ആസ്ഥാനമായി സ്ഥാപിതമായ ആര്‍.വി.എ ഇന്ന്‍ വെബ്സൈറ്റുകളും, പോഡ്കാസ്റ്റുകളും, സമൂഹ മാധ്യമ തട്ടകങ്ങളും വഴി ഇരുപത്തിരണ്ടോളം ഏഷ്യന്‍ ഭാഷകളില്‍ സുവിശേഷം പ്രഘോഷിക്കുന്നുണ്ട്.