Social Media
അന്യായമായി വേട്ടയാടപ്പെട്ട സഹനദാസാ, ദൈവസന്നിധിയിൽ ഇനി ശാന്തമായി വിശ്രമിക്കുക..!
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ്/ 12-01-2023 - Thursday
2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു. 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം അവരുടെ മുൻ ആത്മീയ ആചാര്യൻ കർദ്ദിനാൾ ജോർജ് പെൽ കുറ്റവിമുക്തനായ ദിവസം.ലൈംഗീക ആരോപണത്തെ തുടര്‍ന്നു പതിമൂന്നുമാസത്തിലേറേ ജയിലില്‍ അടക്കപ്പെട്ടിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് 2020 ഏപ്രിൽ 7 നാണ്. ബാലപീഡനക്കുറ്റത്തിന് കീഴ്ക്കോടതി 6 വർഷം വിധിച്ച ജയില്‍ ശിക്ഷ കര്‍ദ്ദിനാള്‍ തെറ്റുകാരനല്ലെന്ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിച്ചതോടെയാണ് എഴുപത്തിയെട്ടാം വയസ്സിൽ കർദ്ദിനാൾ ജോർജ് പെൽ ജയിൽ വിമോചിതനായത്
ആരാണ് കർദ്ദിനാൾ ജോര്‍ജ്ജ് പെൽ?
2014 ഫെബ്രുവരി 24 നു ഫ്രാൻസീസ് പാപ്പ ഫിദേലിസ് ഡിസ്പെൻസേറ്റർ എത് പ്രൂഡൻസ് എന്ന മോത്തു പ്രോപ്രിയ വഴി സ്ഥാപിച്ച വത്തിക്കാൻ ധനകാര്യ കാലായത്തിലെ ( 2014-2019) ആദ്യത്തെ അധ്യക്ഷനായിരുന്നു ഓസ്ട്രേലിയൻ കർദ്ദിനാൾ ആയിരുന്ന ജോർജ് പെൽ. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഫ്രാൻസീസ് പാപ്പയുടെ ഉപദേശക സമിതിയിലെ ഒരംഗവുമായിരുന്നു. 1941 വിക്ടോറിയ സംസ്ഥാനത്തെ ബല്ലാറാത്തിൽ ജനിച്ച ജോർജ് പെൽ 1966 ഡിസംബർ 16 നു വൈദീകനായി അഭിഷിക്തനായി. 1987 മെൽബൺ അതിരൂപതയുടെ സഹായമെത്രാനായി. 1996 മുതൽ 2001 വരെ മെൽബൺ അതിരൂപതയുടെയും 2001 മുതൽ 2014 വരെ സിഡ്നി അതിരൂപതയുടെയും ആർച്ചുബിഷപ്പായി ശുശ്രൂഷ നിർവ്വഹിച്ചു. 2003 ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്കു ഉയർത്തി.
2019 ലൈംഗീക കുറ്റാരോപണത്തെ തുടർന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ മാറ്റിയിരുന്നു.
കർദ്ദിനാൾ പെൽ എങ്ങനെ ജയിലിലെത്തി?
1996-ല്‍ കർദ്ദിനാൾ പെൽ മെൽബൺ ആർച്ചുബിഷപ്പായിരുന്ന സമയത്തു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരിന്നു കര്‍ദ്ദിനാളിന് മേല്‍ ചുമത്തിയ ആരോപണം. 2017 ജൂണിൽ പോലീസ് കേസു ചാർജു ചെയ്ത അന്നു മുതൽ കർദ്ദിനാൾ താൻ നിരപരാധിയാണന്നു പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് വിക്ടോറിയൻ കൗണ്ടി കോടതിയാണ് 6 വർഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. വിക്ടോറിയൻ കീഴ്ക്കോടതിയുടെ വിധിക്കെതിരെ കഴിഞ്ഞ വർഷം കർദ്ദിനാൾ പെൽ അപ്പീലിനു പോയിരുന്നെങ്കിലും മൂന്നംഗങ്ങളടങ്ങിയ ജഡ്ജി സംഘം 2 - 1 ഭൂരിപക്ഷത്തോടെ കീഴ്ക്കോടതിയുടെ തീരുമാനം ശരിവച്ചിരുന്നു.
ഈ വിധിയാണ് ഏഴുപേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബെഞ്ച് ഒന്നടങ്കം റദ്ദാക്കുകയും കര്‍ദ്ദിനാള്‍ നിരപരാധിയെന്നു വിധിക്കുകയും ചെയ്തിരിക്കുന്നത്. മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ ജയിൽ വാസം അനുഭവിച്ചിരുന്നത്. വിജയം കണ്ട അപ്പീൽ ആരോപണ വിധേയനായ ഇരയുടെ "നിർബന്ധിത" തെളിവുകളെ ജൂറിയും മുൻ അപ്പീൽ ജഡ്ജിമാരും വളരെയധികം വിശ്വാസത്തിലെടുത്തുവെന്നു കർദ്ദിനാൾ പെൽ ആരോപിച്ചിരുന്നു.
കർദ്ദിനാളിൻ്റെ അഭിഭാഷകർ ആ സാക്ഷ്യം വിശ്വാസയോഗ്യമല്ലാതാക്കൻ ശ്രമിക്കുന്നതിലുപരി, ജൂറി മറ്റു തെളിവുകൾ ശരിയായി പരിഗണിച്ചില്ലന്നു വാദിച്ചു. അതിൽ പ്രകാരം മറ്റു സാക്ഷ്യങ്ങൾ "കുറ്റം നടന്നില്ല എന്നതിനു സാധ്യമായ സാധ്യത" അവതരിപ്പിച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തിക്കൊണ്ട് "മുഴുവൻ തെളിവുകളുടെയും യുക്തിഭദ്രത അറിഞ്ഞു പ്രവർത്തിച്ച കോടതി അപേക്ഷകൻ്റെ പരാതിയിൽ ഒരു സംശയം ജനിപ്പിക്കേണ്ടതുണ്ട്" എന്നു വിധിന്യായത്തിൽ കുറിച്ചു.
ചുരുക്കത്തിൽ പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ ഏപ്രിൽ 7നു കർദിനാൾ ജയിൽ മോചിതനായി, അന്യായമായി വിധിക്കപ്പെട്ടവർക്കു വേണ്ടി ഫ്രാൻസീസ് പാപ്പ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ച ദിവസം തന്നെയാണ് കർദ്ദിനാൾ പെൽ ജയിൽ വിമോചിതനായത് എന്നത് ദൈവപരിപാലനയുടെ ഇടപെടലായി നമുക്കു കരുതാം.
തടവറ കുറിപ്പുകൾ
കർദ്ദിനാൾ ജോർജ് പെൽ തടവറയിൽ കിടന്ന സമയത്തു എഴുതിയ കുറിപ്പുകൾ(Prison Journal, Vol. 1: The Cardinal Makes his Appeal എന്ന പേരിൽ 2020ൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ജയിൽവാസത്തിന്റെ അപമാനവും അസ്വസ്ഥതയും തരണം ചെയ്യാൻ പ്രാർത്ഥന എത്രമാത്രം സഹായിച്ചു എന്ന് കർദ്ദിനാൾ പറയുന്നു:
"ആ നാളുകളിൽ വിശ്വാസവും പ്രാർത്ഥനയുമാണ് അടിസ്ഥാനപരമായി എന്നെ സഹായിച്ചത്. തടങ്കലിൽ കഴിഞ്ഞ നാളുകളിലെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റാൻ അവ എന്നെ സഹായിച്ചു... ദൈവകൃപ തേടുന്നതും പ്രാർത്ഥിക്കുന്നതും എത്രത്തോളം സഹായിക്കുന്നുവെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു. പ്രത്യേകിച്ചും നമ്മുടെ വ്യക്തിപരമായ കഷ്ടപ്പാടുകൾ വലിയ നന്മയ്ക്കായി ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുമ്പോൾ, നമ്മുടെ കഷ്ടപ്പാടുകളെ ഈശോയുടേതുമായി ബന്ധപ്പെടുത്താൻ കഴിയും. ക്രിസ്ത്യാനി എന്ന നിലയിൽ, ദൈവപുത്രന്റെ പീഡാസഹനത്താലും മരണത്താലും നാം വീണ്ടെടുക്കപ്പെട്ടവരാണ്. സഹനത്തിൻ്റെ മൂല്യത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിൽ ജീവിക്കുമ്പോൾ നമുക്കു സ്വയം കണ്ടെത്തുവാനും മാറുവാനും കഴിയും എന്ന് കർദിനാൽ ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു." എല്ലാ ദിവസവും ജയിലിൽ വെച്ച്, കർദ്ദിനാൾ കുറ്റാരോപിതർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു എന്നും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരുന്നു.
ജയിൽ വാസത്തെ "നീണ്ട ഒരു ധ്യാനമായാണ് " കർദ്ദിനാൾ പെൽ കണ്ടത്. വിചിന്തനങ്ങൾക്കും എഴുത്തിനും സർവ്വോപരി പ്രാർത്ഥിക്കുന്നതിനും ധാരാളം സമയം ലഭിച്ചു. " മറ്റുള്ളവരുടെ പ്രാർത്ഥനയടക്കം ഈ കാലയളവിലെല്ലാം പ്രാർത്ഥന, എനിക്കു വലിയ കരുത്തു പകർന്നിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ കാലത്തു എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും അങ്ങെയറ്റം നന്ദിയുള്ളവനാണ് " കർദ്ദിനാൾ പറഞ്ഞു
തൻ്റെ ജയിൽ വാസകാലത്തു കത്തുകളിലൂടെയും കാർഡുകളിലൂടെയും തനിക്കു ലഭിച്ച പിന്തുണക്കും ആശംസകൾക്കും നന്ദി അർപ്പിക്കാനും കർദ്ദിനാൾ പെൽ മറന്നില്ല
കുറ്റാരോപിതനെക്കുറിച്ച്?
ജയിൽ മോചിതനായതിനു ശേഷം നടത്തിയ പരസ്യ പ്രസ്താവനയിൽ തനിക്കെതിരെ കുറ്റമാരോപിച്ചവരെക്കുറിച്ചു ഇപ്രകാരമാണ് കർദിനാൾ എഴുതിയിരിക്കുക - "എൻ്റെ മേൽ കുറ്റമാരോപിച്ചവരോടു എനിക്കൊരു ശത്രുതയുമില്ല. എന്നെ കുറ്റവിമുക്തനാക്കിയതിൽ അനേകർക്കു തോന്നുന്ന വേദനയും കൈയ്പും വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അവർക്കു വേദനയും നീരസവും ഉണ്ട്. ദീർഘകാല രോഗശാന്തിയുടെ ഏക അടിസ്ഥാനം സത്യമാണ്, നീതിയുടെ ഏക അടിത്തറ സത്യമാണ്, കാരണം നീതീ എന്നാൽ എല്ലാവർക്കും സത്യമാണ്".
ജയിൽ മോചിതമായ ശേഷമുള്ള ആദ്യ പ്രതികരണങ്ങൾ:
ജയിൽ വിമോചിതനായ ശേഷം കാത്തലിക് ന്യൂസ് ഏജൻസിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുമെന്നു വിശ്വാസം കാത്തു സൂക്ഷിക്കുമ്പോഴും അമിതമായ ശുഭാപ്തി വിശ്വാസം വയ്ക്കാതിരിക്കാൻ ശ്രമിച്ചിരുന്നു എന്നു കർദ്ദിനാൾ പെൽ പ്രതികരിച്ചു. തീരുമാനം കോടതി പ്രഖ്യാപിക്കുമ്പോൾ മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ. ടെലിവിഷൻ വാർത്തയിലൂടെയാണ് ആദ്യം വിധിയറിഞ്ഞത്. സന്തോഷം തോന്നിയെങ്കിലും എൻ്റെ അഭിഭാഷക സംഘം വരുന്നതുവരെ ഇതിനെക്കുറിച്ചു സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നു പെൽ കുട്ടിച്ചേർത്തു. നാനൂറു ദിവസങ്ങൾക്കു ശേഷം സ്വതന്ത്രമായി ഒരു ഭക്ഷണം കഴിക്കാൻ സാധിച്ചതിൻ്റെ സന്തോഷം കർദ്ദിനാളിൻ്റെ മുഖത്തുണ്ടായിരുന്നു. വളരെ കാലങ്ങൾക്കു ശേഷം സ്വകാര്യമായി ഒരു വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരിന്നു കർദ്ദിനാൾ പെൽ.
മറ്റുള്ളവരുടെ പ്രതികരണം
2014 ൽ കർദ്ദിനാൾ ജോർജ് പെല്ലിൻ്റെ പിൻഗാമിയായി സിഡ്നി ആർച്ചുബിഷപായി നിയമിതനായ ആർച്ചു ബിഷപ് ആൻറണി ഫിഷർ ഏപ്രിൽ എഴാം തീയതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ "കർദിനാൾ ജോർജ് എല്ലായ്പ്പോഴും നിഷ്ളങ്കനായിരുന്നു എന്നു ഇന്നത്തെ വിധി അതു അടിവരയിടുന്നുവെന്നും" കുറിച്ചു. “അദ്ദേഹത്തിൻ്റെ വിമോചനത്തിൽ താൻ വളരെ സന്തോഷവാനാണന്നു അദ്ദേഹത്തിനെതിരെയുള്ള നിയമ നടപടികൾ തീർന്നതിൽ ആനന്ദിക്കുന്നുവെന്നും" ആർച്ചു ബിഷപ്പ് ഫിഷർ കൂട്ടിച്ചേർത്തു.
കർദ്ദിനാളിനെ ജയിലിൽ സന്ദർശിക്കുകയും നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ഓസ്ട്രേലിയയിലെ മുൻ പ്രധാനമന്ത്രി റ്റോണി ആബട്ട് ഹൈക്കോടതിയുടെ വിധിയെ നീതിയുടെ വിജയമായി കാണുന്നു. ലോക പ്രശസ്തമായ Sky News ൻ്റെ ലേഖകൻ ആൻഡ്രൂ ബോൾട്ട് 2018ൽ കർദ്ദിനാൾ ജോർജ് പെല്ലിനെ വിക്ടോറിയ കീഴ്ക്കോടതി തടവിനു വിധിച്ചപ്പോൾ ആ വിധിയെ ഓസ്ട്രേലിയൻ ചരിത്രത്തിലെ നീതിയുടെ ഏറ്റവും വലിയ അലംഭാവമായി റിപ്പോർട്ടു ചെയ്തിരുന്നു. കർദ്ദിനാളിനെ കുറ്റവിമുക്തനാക്കിയ വിധിയെ കുറിച്ചു ബോൾട്ടിൻ്റെ പ്രതികരണം ഇങ്ങനെ " നിരപരാധിയായ ഒരു മനുഷ്യനെ 404 ദിവസങ്ങൾ ജയിലിൽ അടച്ചതിനു, അദ്ദേഹത്തെ വേട്ടയാടിയതിനു നിരവധി പേർ അവരുടെ പങ്കാളിത്തത്തെ ഓർത്തു ലജ്ജിക്കണം."
സ്ഥിരവും പ്രതിബദ്ധതയുമുള്ള സാക്ഷ്യജീവിതത്തിലൂടെ സുവിശേഷത്തിനും സഭയ്ക്കും വേണ്ടിയുള്ള കർദ്ദിനാൾ പെല്ലിൻ്റെ ആത്മസമർപ്പണം പ്രശംസിച്ച ഫ്രാൻസിസ് മാർപാപ്പ തൻ്റെ അനുശോചന സന്ദേശം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: "പരീക്ഷണങ്ങളുടെ സമയത്തും സ്ഥിരോത്സാഹത്തോടെ തന്റെ കർത്താവിനെ അനുഗമിച്ച ഈ വിശ്വസ്ത ദാസൻ സ്വർഗ്ഗത്തിന്റെ സന്തോഷത്തിലേക്ക് സ്വീകരിക്കപ്പെടുകയും ശാശ്വത സമാധാനത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യട്ടെ".
2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. അന്യായമായി വേട്ടയാടപ്പെട്ട സഹനദാസാ, ദൈവസന്നിധിയിൽ ഇനി ശാന്തമായി വിശ്രമിക്കുക.
requiescat in pace.
Tag: Cardinal George Pell, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക