News - 2025
യുക്രൈനുവേണ്ടി സഹായം അപേക്ഷിച്ച് അസ്സീസിയിലെ ഫ്രാൻസിസ്കൻ സമൂഹം
പ്രവാചകശബ്ദം 13-01-2023 - Friday
അസ്സീസി: റഷ്യ യുക്രൈനു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ തങ്ങളുടെ സഹോദര സമർപ്പിതർ നൽകുന്ന സേവനം തുടരുന്ന സ്ഥലങ്ങളിലേക്ക് സഹായം അപേക്ഷിച്ച് അസ്സീസിയിലെ ഫ്രാൻസിസ്കൻ സമൂഹം. യുദ്ധം ഏതാണ്ട് ഒരു വർഷമായി തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലെ ഫ്രാൻസിസ്കൻ സമർപ്പിതർ, യുദ്ധവും പട്ടിണിയും അതിശൈത്യവും മൂലം ബുദ്ധിമുട്ടുന്ന അനേകരെ സഹായിക്കുന്നത് തുടരുകയാണെന്നു അസ്സീസി ആശ്രമത്തിലെ വിനിമയകാര്യങ്ങൾക്കായുള്ള ഡയറക്ടർ ജൂലിയോ ചെസാറെയോ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
ഫ്രാൻസിസ്കൻ സന്യാസികള്‍, തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട ഇടവകകളിൽ ആളുകൾക്ക് തണുപ്പിൽ നിന്നും പട്ടിണിയിൽനിന്നും സംരക്ഷണത്തിനായി സഹായം നൽകി വരികയാണെന്നും, സാധാരണ ജനജീവിതത്തിലേക്ക് തിരികെ വരാൻ അവരെ പിന്തുണയ്ക്കുകയാണെന്നും അസീസ്സി ആശ്രമത്തിൽ നിന്നുള്ള ജൂലിയോ പറഞ്ഞു. ഊർജ്ജോത്പാദക കേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ കെട്ടിടങ്ങൾ നശിപ്പിച്ച ഇപ്പോഴും തുടരുന്ന ബോംബാക്രമണങ്ങളും മൂലം, സാധാരണ ജനം ഏറെ ബുദ്ധിമുട്ടുകയാണെന്നും, അവർക്ക് തുടർച്ചയായ സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റഷ്യൻ ആക്രമണം കടുത്ത രീതിയിൽ തുടരുന്നതിനാൽ സമാധാന പ്രതീക്ഷകൾ ഇപ്പോഴും അകലെയാണ്. മരണവും നാശവും വിതച്ചുകൊണ്ട് യുദ്ധം ഇപ്പോഴും തുടരുകയാണ്. വൈദ്യതി ലഭ്യതക്കുറവ്, ഊർജ്ജപ്രതിസന്ധി തുടങ്ങി സാധാരണ ജനജീവിതം തകരാറിലായ സ്ഥിതിയാണ് പലയിടങ്ങളിലുമുള്ളത്. യുദ്ധമെന്ന തിന്മയെ പ്രാർത്ഥനയും സാമീപ്യവും സൗഹൃദവും കൊണ്ട് മാത്രമേ നേരിടാനാകൂവെന്ന് അഭിപ്രായപ്പെട്ട ജൂലിയോ ചെസാറെയോ, യുക്രൈനിലെ സഹോദര സമർപ്പിതരെ കഴിയുന്ന വിധത്തിൽ സംഭാവനകൾ നൽകി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
Tag: Franciscans Helping Ukrainians, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം