Arts - 2024

ബിഗ്‌-ബാങ്ങ് തിയറിയുടെ ഉപജ്ഞാതാവായ കത്തോലിക്ക വൈദികനുമായുള്ള അഭിമുഖത്തിന്റെ അമൂല്യ വീഡിയോ കണ്ടെത്തി

പ്രവാചകശബ്ദം 03-02-2023 - Friday

ബ്രസല്‍സ്: മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ (ബിഗ്‌-ബാങ്ങ് തിയറി) ഉപജ്ഞാതാവായ ബെല്‍ജിയന്‍ ജ്യോതിശാസ്ത്രജ്ഞനും കത്തോലിക്ക വൈദികനുമായ ഫാ. ജോർജ് ലെമേയ്റ്ററുമായുള്ള അഭിമുഖത്തിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള നഷ്ടപ്പെട്ടുവെന്ന് കരുതപ്പെട്ടിരുന്ന അമൂല്യ വീഡിയോ കണ്ടെത്തി. ഇതുവരെ ഫാ. ലെമേയ്റ്ററുയുടെ ഫോട്ടോകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നുള്ളു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായുള്ള ഫോട്ടോയാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്‌. എന്നാല്‍ ബെല്‍ജിയന്‍ ടെലിവിഷന്‍ സ്റ്റേഷനായ വി.ആര്‍.ടി ടെലിവിഷന്‍ അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ഒരു അമൂല്യമായ വീഡിയോ കണ്ടെത്തുകയായിരിന്നു. 1964 ഫെബ്രുവരി 14-ന് ഫ്രഞ്ച് നിര്‍മ്മാതാവായ ജെറോം വെര്‍ഹേഗ്മൊത്തുള്ള ലെമേയ്റ്ററുയുടെ അഭിമുഖത്തിന്റെ വീഡിയോയാണ് കണ്ടെത്തിയിരിക്കുന്നത്.

കമ്പനി തങ്ങളുടെ ഫയലുകള്‍ തെറ്റായി തരംതിരിച്ചതിനാല്‍ വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയായിരുന്നു ചരിത്രപരമായ ഈ വീഡിയോയുടെ കണ്ടെത്തലെന്ന് വി.ആര്‍.ടി ആര്‍ക്കീവ്സിലെ കാത്ലീന്‍ ബെര്‍ട്രേം പറഞ്ഞു. ഊര്‍ജ്ജസ്വലമായ കിരണങ്ങള്‍ ചുറ്റുപാടും പ്രസരിപ്പിച്ചുകൊണ്ട് പ്ലാസ്മയാല്‍ നിറഞ്ഞ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് പ്രപഞ്ചമെന്ന ആശയത്തിലേക്കാണ് ആദ്യകാല ഗവേഷണം നയിച്ചതെന്നു അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ശാസ്ത്രീയ വശത്തിലൂടെയാണ് തന്റെ സിദ്ധാന്തത്തെ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതെന്നും, തന്റെ വിശ്വാസപരമായ ബോധ്യങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തുവാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വിവരിച്ചു. അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ ‘വി.ആര്‍.ടി’യുടെ യുട്യൂബ് ചാനലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

You may Like: ‍ ബിഗ് ബാങ് തിയറി ഇനി അറിയപ്പെടുക കത്തോലിക്ക വൈദികന്റെ പേരിൽ; അംഗീകാരവുമായി ആഗോള ശാസ്ത്രജ്ഞര്‍

ബിഗ് ബാങ് തിയറി ആദ്യമായി വിശദീകരിച്ച വ്യക്തി എന്ന നിലയിൽ ഫാ. ജോർജ് ലെമേയ്ടറിന്റെ പേരിൽ ബിഗ് ബാങ് തിയറി പുനർനാമകരണം ചെയ്യുവാന്‍ ഇന്‍റര്‍നാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ അംഗങ്ങള്‍ 2018-ല്‍ തീരുമാനമെടുത്തിരിന്നു. ഫാ. ജോർജ് ലെമേയ്റ്റർ പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എഡ്വിന്‍ ഹബിളിന്റെ പേരിൽ ഹബിൾ നിയമം എന്നാണ് ബിഗ് ബാങ് തിയറി അറിയപ്പെട്ടിരുന്നത്. എന്നാൽ ഹബിളിനു മുൻപേ ബിഗ് ബാങിനു ആൽബർട്ട് എെൻസ്റ്റീനിന്റെ ചില ശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഫാ. ജോർജസ് ലെമേയ്ടർ വിശദീകരണം നൽകിയിരുന്നു. ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ഈ കത്തോലിക്ക വൈദികനായിരിന്നു.


Related Articles »