News

നേരിടുന്ന അക്രമങ്ങള്‍ക്കിടയിലും ഭാരത ക്രൈസ്തവര്‍ ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കണം: ലത്തീന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 07-02-2023 - Tuesday

ബംഗ്ലൂരു: ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന അസഹിഷ്ണുതക്കും, അക്രമങ്ങള്‍ക്കുമിടയിലും കൂടുതല്‍ ധൈര്യത്തോടും, ആധികാരികമായും ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന് ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതി. ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍ ബംഗ്ലൂരുവിലെ സെന്റ്‌ ജോണ്‍സ് നാഷ്ണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍വെച്ച് 2023 ജനുവരി 24 മുതല്‍ 30 വരെ നടന്ന മുപ്പത്തിനാലാമത് സമ്മേളനത്തിനു പിന്നാലെയുള്ള പ്രസ്താവനയിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി, ദശലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിലേക്കും അവന്റെ രക്ഷാകരമായ സന്ദേശത്തിലേക്കും ആകർഷിക്കപ്പെടുകയും അവന്റെ അനുയായികളായിത്തീരുകയും ചെയ്തിരിന്നുവെന്ന് മെത്രാന്‍ സമിതി സ്മരിച്ചു.

അവരിലൂടെ യേശുവിന്റെ ജീവിതകഥ വീണ്ടും വീണ്ടും പ്രഘോഷിക്കപ്പെടുന്നു. സഭ തുടക്കം മുതൽ പ്രഖ്യാപിച്ചത് അത് നിറവേറ്റുന്നു: സത്യമായും ദൈവത്തിനു പക്‌ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:34-35). ബൈബിൾ സംഭവങ്ങള്‍ വായിച്ചും ഒരുമിച്ചു പ്രാർത്ഥിച്ചും ആരാധനകളിൽ പങ്കെടുത്തും യേശുവിന്റെ ജീവിതകഥ മുത്തശ്ശന്മാരും മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് പലവിധത്തിൽ വിവരിക്കുന്ന കുടുംബത്തിലാണ് ഈ ദൈവസ്നേഹം ആദ്യം ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്.

അസഹിഷ്ണുതയും വിദ്വേഷവും വഴി ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങള്‍ വളരുന്ന സംസ്കാരം ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ, സുവിശേഷത്തിലെ യേശുവിനെ കൂടുതൽ ധൈര്യത്തോടെയും ക്രിയാത്മകമായും ആധികാരികമായും പ്രഘോഷിക്കേണ്ടതുണ്ട്. യേശുവിന്റെ വാക്കുകൾ ഈ ഉറപ്പുനൽകുന്നു: “നിങ്ങൾക്കു എന്നിൽ സമാധാനം കണ്ടത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാൻ 16:33).

ഭാരത കത്തോലിക്കാ സഭ ഇന്ന്‍ നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ചും സന്ദേശത്തില്‍ പറയുന്നുണ്ട്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം, വളര്‍ന്നുവരുന്ന അസഹിഷ്ണുത, വിദ്വേഷം, ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍, സാമൂഹ്യ സാഹചര്യങ്ങളിലെ മാറ്റം, സമൂഹ മാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നല്‍കുന്ന സമ്മര്‍ദ്ധം, മദ്യവും മയക്കുമരുന്നും അശ്ലീല പ്രചരണം, ദാരിദ്ര്യം, താഴ്ന്ന ജീവിത നിലവാരം, ജീവിത മാര്‍ഗ്ഗം ഇല്ലാതായതിനെ തുടര്‍ന്നുള്ള പലായനം, തെറ്റായ നിയമങ്ങളും നയങ്ങളും തുടങ്ങിയവയാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ ഇന്നു നേരിടുന്ന വെല്ലുവിളികളായി സന്ദേശം ഉയര്‍ത്തിക്കാട്ടുന്നത്. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ലൂയീസ് അന്റോണിയോ ടാഗ്ലെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരിന്നു.


Related Articles »