News - 2025
ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം | തപസ്സു ചിന്തകൾ 1
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 03-03-2025 - Monday
'നമ്മളോടു ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവന്റെ കരുണ തേടുന്നതില്‍ നമ്മളാണ് മടുക്കുന്നത്' - ഫ്രാന്‍സിസ് മാര്‍പാപ്പ.
ദൈവത്തിന്റെ സ്‌നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാനും അതില്‍ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നല്‍കുന്നത്. നമ്മള്‍ എത്ര തെറ്റുകള്‍ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു കാരണത്താലാണ്; അവന്‍ നമ്മെ സ്നേഹിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കപ്പുറം അവന്‍ നമ്മെ സ്നേഹിക്കുന്നു. 'എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും' (ജറെമിയാ 31 : 3 ).
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മളോടുള്ള അവന്റെ സ്‌നേഹം, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കുന്നതില്‍ (യോഹ 3 :16) അടങ്ങിയിരിക്കുന്നു.
മനുഷ്യനായി അവതരിച്ച ദൈവമായ ഈശോ മിശിഹാ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് രക്ഷ നേടിത്തരുവാന്‍ കുരിശില്‍ ബലിയായി. അതു വഴി നമ്മുടെ പാപങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണ യാഗമായി അവന്‍ മാറി. ദൈവം' നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.' (1 യോഹ 4 : 10)
ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ജീവിതത്തില്‍ അനുഭവവേദ്യമായോ? അത് ഉള്‍കൊള്ളുവാന്‍ നമ്മുടെ ജീവിതത്തെ വേണ്ടത്ര ഒരുക്കിയോ? നോമ്പിന്റെ ആദ്യ ദിനത്തില്‍ നമുക്കു ആത്മപരിശോധന നടത്താം. അനുതാപമുള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു ഒരിക്കലും മടുപ്പില്ലാത്ത ദൈവകാരുണ്യത്തില്‍ നമുക്കു അഭയം പ്രാപിക്കാം.
