Arts
അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക്
പ്രവാചകശബ്ദം 24-02-2023 - Friday
ടെക്സാസ്: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. തന്റെ പൗരോഹിത്യ കാലത്ത് പതിനായിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ സോണി എന്റർടെയ്മെന്റ് ആണ് പുറത്തിറക്കുന്നത്.
കഴിഞ്ഞ ദിവസം ഔദ്യോഗിക ചാനലിലൂടെ പുറത്തിറക്കിയ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം അന്‍പത്തിനാല് ലക്ഷം പ്രേക്ഷകരാണ് യൂട്യൂബില്‍ കണ്ടത്. സോണിയുടെ വിവിധ രാജ്യങ്ങളിലെ യൂട്യൂബ് ചാനലുകളിലൂടെയും ഇതേ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതും ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. നാസി സോംബി സിനിമയായ ‘ഓവര്‍ലോഡ്’, സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ ‘സമരിറ്റന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ജൂലിയസ് അവേരിയാണ് ദി പോപ്സ് എക്സോര്‍സിസ്റ്റിന്റെ സംവിധായകന്‍. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്.
രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലറില്‍ പൈശാചിക തിന്മകളുടെ സ്വാധീനവും രീതികളും അവയ്ക്കെതിരെയുള്ള ഫാ. അമോർത്തിന്റെ ആത്മീയ പോരാട്ടവും ഭയപ്പെടുത്തുന്ന രീതിയിലാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. “നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്റെ ബോസിനോട് സംസാരിക്കൂ...പോപ്പിനോട്” എന്ന മനോഹരമായ വാക്കുകളാണ് ട്രെയിലറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. റസ്സല്‍ ക്രോവിന്റെ സ്വതസിദ്ധമായ ശൈലി ഈ ഡയലോഗിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സോണി പുറത്തുവിട്ട സിനിമയുടെ ആകര്‍ഷകമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോയാണ് മാര്‍പാപ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ദി വിച്ച്, ദി ഗ്രീന്‍ ക്നൈറ്റ് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ റാല്‍ഫ് ഇനെസനാണ് പിശാചിന് ശബ്ദം നല്‍കുന്നത്. ഈ വരുന്ന ഏപ്രില്‍ 14-ന് ദി പോപ്സ് എക്സോര്‍സിസ്റ്റ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു.
1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി’, ‘ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്' എന്നീ പേരുകളിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫാ. അമോര്‍ത്തിന്റെ പല പുസ്തകങ്ങളും മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്.