News - 2024
സംസാരിക്കുന്നതിനു പകരം സ്വരം കേൾക്കാൻ സഭ തയാറാകണം: സിനഡ് സെക്രട്ടറി കർദ്ദിനാൾ മാരിയോ ഗ്രെച്ച്
പ്രവാചകശബ്ദം 25-02-2023 - Saturday
ബാങ്കോക്ക്: സംസാരിക്കുന്നതിനു പകരം ശ്രവിക്കുന്ന സഭയാകാനുള്ള ശ്രമമാണ് സിനഡ് നടത്തുന്നതെന്ന് സിനഡ് സെക്രട്ടറി കർദ്ദിനാൾ മാരിയോ ഗ്രെച്ച് പ്രസ്താവിച്ചു. ബാങ്കോക്കിൽ ഇന്നലെ ആരംഭിച്ച സാർവത്രികസഭാ സിനഡിന്റെ കോണ്‍ടിനെന്റൽ ജനറൽ അസംബ്ലിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കർദ്ദിനാൾ. സംസാരിക്കാൻ ശേഷിയില്ലാത്തവരുടെയും സ്വരം കേൾപ്പിക്കാൻ പാടുപെടുന്നവരുടെയും സ്വരം കേൾക്കാൻ സഭ തയാറാകണം. മിശിഹായുടെ പ്രവാചക ദൗത്യത്തിൽ പങ്കുചേരാൻ സഭയുടെ പങ്കാളിത്ത സ്വഭാവം ഉതകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എല്ലാവരെയും കേൾക്കുന്നതു പോലെ പ്രധാനമാണ് ഉത്ഥാനം ചെയ്ത കർത്താവിന്റെ സ്വരം കേൾക്കുന്നതും. ആ സ്വരം കേൾക്കാൻ സിനഡിലുള്ള സകലരും പ്രാപ്തരാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സമ്മേളനത്തിനു പ്രാരംഭമായി നടന്ന വിശുദ്ധ കുർബാനയിൽ ടോക്കി യോ ആർച്ച് ബിഷപ്പ് തർസീസിയോ ഇസാവോ കിക്കുച്ചി എസിഡി മുഖ്യകാർമികത്വം വഹിച്ചു. ലോകത്തിനു പ്രത്യാശ നല്കാനുള്ള വലിയ ദൗത്യം സഭയ്ക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം സഭ നിരാശയും സന്താപവുമല്ല വിതയ്ക്കേണ്ടതെന്ന് ഓർമിപ്പിച്ചു.
അസംബ്ലിയുടെ ഭാഗമായ ഗ്രൂപ്പ് ചർച്ചകളാണ് ഇന്നലെ നട ന്നത്. അസംബ്ലി നാളെ സമാപിക്കും. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ആലഞ്ചേരിയെക്കൂടാതെ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ (സീറോ മലബാർ ഡോനൽ കമ്മീഷൻ സെക്രട്ടറി), ശ്രീമതി കൊച്ചുറാണി ജോസഫ് (സഭാ വക്താവ്) എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ, റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ സിഎംഐ, റവ. ഡോ. ജോർജ് പ്ലാത്തോട്ടം എസ്ഡിബി, സിസ്റ്റർ ലളിത തോമസ് എന്നിവരാണു സമ്മേളനത്തിൽ സംബന്ധിക്കുന്ന മറ്റു മലയാളികൾ.