News - 2024

ലോസ് ഏഞ്ചലസ് മെത്രാന്റെ കൊലപാതകം: അറസ്റ്റിലായ വ്യക്തി കുറ്റം സമ്മതിച്ചു

പ്രവാചകശബ്ദം 25-02-2023 - Saturday

ലോസ് ആഞ്ചലസ്: കഴിഞ്ഞ ശനിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാത കേസില്‍ സംശയത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കാര്‍ലോസ് മെദീന കുറ്റം സമ്മതിച്ചു. മെദീനയുടെ ഭാര്യ, ബിഷപ്പ് ഒക്കോണലിന്റെ വസതിയിലെ ജോലിക്കാരിയാണ്. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ലോസ് ഏഞ്ചലസ് ജില്ലാ അറ്റോര്‍ണി ജോര്‍ജ്ജ് ഗാസ്കോണാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം പ്രതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം ചെയ്തതു പ്രതി സമ്മതിച്ചുവെന്നും അവര്‍ ഉപയോഗിച്ച ആയുധം ഉടന്‍തന്നെ കണ്ടെത്തുവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ഗാസ്കോണിന്റെ പ്രസ്താവനയില്‍ പറയുന്നു. സ്വാഭാവിക കാരണങ്ങളാല്‍ മരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഡീക്കന്‍ കണ്ടെത്തിയതെന്നും, പാരാമെഡിക്കല്‍ വിഭാഗം എത്തിയപ്പോഴാണ് സംശയാസ്പദമായ രീതിയിലാണ് മരണമെന്ന് വ്യക്തമായതെന്നും ഗാസ്കോണ്‍ അറിയിച്ചു. പണത്തിനു വേണ്ടിയല്ല കൊലപാതകമെന്നാണ് കുറ്റാന്വോഷകരുടെ അനുമാനം.

ഹസിന്താ ഹൈറ്റ്സിലെ വസതിയില്‍വെച്ചാണ് ബിഷപ്പ് കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ സംശയിക്കപ്പെടുന്ന ഒരാള്‍ ഹസിന്താ ഹൈറ്റ്സില്‍ 45 മിനിറ്റ് ദൂരത്തുള്ള ടോറന്‍സ് നഗരത്തില്‍ ഉണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. മെദീന വിചിത്രവും, യുക്തിരഹിതവുമായ രീതിയില്‍ പെരുമാറുന്നത് കണ്ട ഒരു വ്യക്തിയാണ് പോലീസിനു ഈ വിവരം നല്‍കിയത്. കൊലപാതകത്തിന്റെ കാരണങ്ങളെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ വിവിധ കാരണങ്ങളാണ് മെദീന പറഞ്ഞതെന്നും, ഈ കാരണങ്ങളൊന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ലെഫ്നന്റ് മൈക്കേല്‍ മോഡിക്ക പറഞ്ഞു.


Related Articles »