News

കൊല്ലപ്പെട്ട ലോസ് ഏഞ്ചലസ് മെത്രാന്റെ മൃതസംസ്കാരം ഇന്ന്: നന്ദിയര്‍പ്പിച്ച് പാപ്പയുടെ അനുശോചന സന്ദേശം

പ്രവാചകശബ്ദം 03-03-2023 - Friday

ലോസ് ഏഞ്ചലസ്: കഴിഞ്ഞ മാസം വെടിയേറ്റ്‌ കൊല്ലപ്പെട്ട അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ മൃതസംസ്കാരം ഇന്നു നടക്കും. പ്രാദേശിക സമയം ഇന്നു രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി) ‘ഔര്‍ ലേഡി ഓഫ് ദി ഏഞ്ചല്‍സ്’ കത്തീഡ്രലില്‍ മൃതസംസ്ക്കാര ശുശ്രൂഷകളോട് അനുബന്ധിച്ച് നടക്കുന്ന ദിവ്യബലിക്ക് ലോസ് ഏഞ്ചലസ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. കാലിഫോര്‍ണിയ ലോങ്ങ് ബീച്ചിലെ സെന്റ്‌ കോര്‍ണേലിയൂസ് ഇടവക വികാരിയായ മോണ്‍. ജാര്‍ലത്ത് കുന്നാനെ അനുസ്മരണ സന്ദേശം നല്‍കും.

ബിഷപ്പ് കോണലിന്റെ ദാരുണമായ അകാല മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചുക്കൊണ്ടുള്ള ടെലഗ്രാം സന്ദേശം വത്തിക്കാന്‍ അതിരൂപതയ്ക്കു കൈമാറിയിട്ടുണ്ട്. പ്രാദേശിക സമൂഹത്തില്‍ സമാധാനവും സഹകരണവും ഐക്യവും വളര്‍ത്തുവാനുള്ള തീക്ഷ്ണത, ദൈവീകദാനമായ ജീവിതത്തിന്റെ അന്തസ്സും വിശുദ്ധിയും ഉയര്‍ത്തിപ്പിടിക്കുവാനുള്ള പരിശ്രമം, പാവപ്പെട്ടവരോടും കുടിയേറ്റക്കാരോടും കാണിച്ച കരുതല്‍ എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തിനും, പ്രേഷിത ശുശ്രൂഷയ്ക്കും നന്ദി അറിയിക്കുന്ന നിങ്ങള്‍ക്കൊപ്പം പരിശുദ്ധ പിതാവും ചേരുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പിട്ട ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. അതിരൂപതയിലെ വൈദീകര്‍ക്കും, അല്‍മായര്‍ക്കും പരിശുദ്ധ പിതാവ് തന്റെ ഹൃദയം നിറഞ്ഞ അനുശോചനവും, ആത്മീയ അടുപ്പവും സന്ദേശത്തില്‍ അറിയിക്കുന്നുണ്ട്.

ഇന്നലെ മാര്‍ച്ച് 2-ന് രാവിലെ 10.00 മുതല്‍ ഉച്ചക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 01.00 മുതല്‍ വൈകിട്ട് 06.00 വരേയും മെത്രാന് അന്തിമോപചാരമര്‍പ്പിക്കുവാന്‍ പൊതു ജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. വൈകിട്ട് 7 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുന്‍ ലോസ് ഏഞ്ചലസ് മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ റോജര്‍ മാഹോണി സന്ദേശം നല്‍കി.

2015-ല്‍ ലോസ് ഏഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ ബിഷപ്പ് കോണല്‍ സംഘടിത ആക്രമണങ്ങള്‍ക്കും, ദാരിദ്ര്യത്തിനും മയക്കുമരുന്ന് കച്ചവടത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് അറുപത്തിയൊന്‍പതുകാരനായ ബിഷപ്പ് കോണലിന്റെ മൃതദേഹം വെടിയേറ്റ നിലയില്‍ അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തുന്നത്. സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Related Articles »