Youth Zone - 2024

കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി മെക്സിക്കോയില്‍ ആയിരങ്ങളുടെ പ്രോലൈഫ് മാർച്ച്‌

പ്രവാചകശബ്ദം 04-03-2023 - Saturday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ ശരിയായി സംരക്ഷിക്കുന്നതിന് വേണ്ട നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി മെക്സിക്കോ സിറ്റിയിലെ യുണൈറ്റഡ് മെക്സിക്കന്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ നിയമനിര്‍മ്മാണസഭയുടെ മുന്നില്‍ പ്രോലൈഫ് സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘സിറ്റിസണ്‍സ് ഇനീഷ്യെറ്റീവും’, ‘നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി’ (എഫ്.എന്‍.എഫ്) യും സംയുക്തമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. ചില സംഘടനകള്‍ നിയമസാമാജികരിലും, പൊതുജനങ്ങളിലും, മാധ്യമങ്ങളിലും ഭീതി വിതക്കുവാനും, തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളും, തങ്ങളുടെ കുട്ടികളും സമാധാനവും, ശാന്തിയുമാണ് ആഗ്രഹിക്കുന്നതെന്നും ‘എഫ്.എന്‍.എഫ്’ന്റെ ഔദ്യോഗിക വക്താവായ റോസാ മേരി മൊറാലെസ് മാര്‍ച്ചിനിടെ പറഞ്ഞു.

പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നത് നീട്ടിവെക്കുന്ന മരുന്നുകളും, ലൈംഗീക വ്യതിയാനം വരുത്തുന്ന മരുന്നുകളും, ശരീരാവയവങ്ങളില്‍ നടത്തുന്ന പാര്‍ശ്വഫലമുണ്ടാക്കുന്ന ശസ്ത്രക്രിയകളും വഴി കുട്ടികളെ ദ്രോഹിക്കുന്നതിനോട് പ്രോലൈഫ് സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടെന്നും മൊറാലസ് പറഞ്ഞു. ഹോര്‍മോണ്‍ വഴിയും, ശസ്ത്രക്രിയ വഴിയും കുട്ടികളില്‍ ലൈംഗീക വ്യതിയാനം വരുത്തുന്നത് നിരോധിക്കുകയും, കുറ്റകരമാക്കുകയും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മെക്സിക്കോ സിറ്റി കോണ്‍ഗ്രസിലെ വനിതാ അംഗമായ അമേരിക്കാ റേഞ്ചല്‍, പുയെബ്ലാ നിയമസഭാംഗമായ മോണിക്ക റോഡ്രിഗസ് ഡെല്ലാ വെച്ചിയ തുടങ്ങിയവര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ക്ക് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പിന്തുണ പ്രഖ്യാപിച്ചു.

“സ്ത്രീകളെന്ന നിലയില്‍ തങ്ങളുടെ പദവി ബഹുമാനിക്കപ്പെടണമെന്ന് മെക്സിക്കോയിലെ മുഴുവന്‍ സ്ത്രീകളുടേയും പ്രതിനിധി എന്ന നിലയില്‍ ആവശ്യപ്പെടുന്നു”വെന്ന് വിമണ്‍ ഓഫ് ഇനീഷേറ്റീവിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായ റൂത്ത് സാഞ്ചസ് പറഞ്ഞു. ‘സമ്പൂര്‍ണ്ണ തുല്യത’, ‘ലൈംഗീക തുല്യത’ തുടങ്ങി യൂണിയന്‍ കോണ്‍ഗ്രസ്സ് പരിഗണിക്കുവാനിരിക്കുന്ന ചില വിഷയങ്ങളെ പ്രോലൈഫ് സംഘടനകള്‍ എതിര്‍ത്തു മെക്സിക്കന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തരുതെന്നുമാണ് മുന്‍ സെനറ്റര്‍ ലിസ്ബെത്ത് ഹെര്‍ണാണ്ടസ് ആവശ്യപ്പെട്ടത്. പുരുഷനും, സ്ത്രീയും ഉള്‍പ്പെടുന്ന സ്വാഭാവിക കുടുംബവ്യവസ്ഥയെ മാനിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് മെക്സിക്കോ.


Related Articles »