News

മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ കൂട്ടായ്മ

പ്രവാചകശബ്ദം 23-09-2025 - Tuesday

മെക്സിക്കോ സിറ്റി: ഒക്ടോബർ 11ന് മെക്സിക്കോയുടെ ഹൃദയഭാഗത്ത് ജപമാല റാലി നടത്തുവാന്‍ പുരുഷന്മാരുടെ സംഘം തയാറെടുക്കുന്നു. രാജ്യ തലസ്ഥാനത്തുള്ള മെട്രോപൊളിറ്റൻ കത്തീഡ്രലിനു മുന്നിലുള്ള ഹിസ്റ്റോറിക് സെന്ററിന് സമീപത്തു നിന്നു ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ നൂറുകണക്കിന് പുരുഷന്മാര്‍ പങ്കെടുക്കും. അന്താരാഷ്ട്ര അല്‍മായ പ്രസ്ഥാനമായ നൈറ്റ്സ് ഓഫ് ദി റോസറിയുടെ നേതൃത്വത്തിലാണ് ജപമാല പ്രദിക്ഷണം നടക്കുക.

പുരുഷന്മാരുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളില്‍ ജപമാല ചൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് നൈറ്റ്സ് ഓഫ് ദി റോസറി സംഘടനയുടെ പ്രവര്‍ത്തന ശൈലി. രാവിലെ 11 മണിയോടെ നൂറുകണക്കിന് വിശ്വാസികള്‍ അണിചേരുന്ന പ്രദിക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. ജപമാല റാണിയുടെ തിരുനാളിനോട് അനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഒക്ടോബർ 7നും 12നും ഇടയിൽ മെക്സിക്കോ സിറ്റിയിൽ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നു ജനറൽ കോർഡിനേറ്റർ ഡാനിയേൽ സെറാനോ വെളിപ്പെടുത്തി. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ നമ്മുടെ വിശ്വാസത്തില്‍ നിന്നു പിന്നോട്ട് പോയെന്നും ഇത് വിശ്വാസത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസ ജപമാല സമര്‍പ്പണത്തിന് പുറമേ, ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13, ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 7, ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 12 എന്നിങ്ങനെയുള്ള പ്രത്യേക തീയതികളില്‍ സംഘടന ജപമാല പ്രദിക്ഷണം നടത്തുന്നുണ്ട്. തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന പുരുഷന്‍മാരാണ് സംഘടനയുടെ ബലം. അമേരിക്ക, വെനിസ്വേല, സ്പെയിൻ, കൊളംബിയ, അർജന്റീന, ഇക്വഡോർ, ചിലി എന്നിവിടങ്ങളിലും മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘടനയ്ക്കു സജീവ സാന്നിധ്യമുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »