Youth Zone

ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് അറസ്റ്റിലായ യുവാവിന് മോചനം

പ്രവാചകശബ്ദം 06-03-2023 - Monday

ടെഹ്റാന്‍: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് അറസ്റ്റിലായ യുവാവിന് മോചനം. വചനപ്രഘോഷകന്‍ കൂടിയായ യൂസഫ് നദർക്കാനിയ്ക്കാണ് 1979-ലെ വിപ്ലവത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് മോചനം ലഭിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹാദി റഹീമി, സമാൻ ഫാദേയ് എന്നീ രണ്ട് പേർക്ക് കൂടി നേരത്തെ മോചനം ലഭിച്ചിരുന്നു. 2010ലാണ് നദർക്കാനി ജയിലിൽ അടയ്ക്കപ്പെടുന്നത്. ആരോപിക്കപ്പെട്ടിരിന്ന കേസുകളുടെ പേരിൽ നിരവധി വർഷങ്ങളായി മൂവർക്കും ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു.

ക്രൈസ്തവ വിശ്വാസികൾക്ക് ലഭിച്ച ശിക്ഷയുടെയും, അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിച്ച വേദനയുടെയും അനീതിക്ക് ശിക്ഷ ഇളവിലൂടെ മാത്രം പരിഹാരം ആകുന്നില്ലെന്ന് മിഡിൽ ഈസ്റ്റ് കൺസേൺ എന്ന സംഘടനയുടെ പ്രതിനിധി പറഞ്ഞു. എന്നാൽ അവർക്ക് സ്വാതന്ത്ര്യം ലഭിച്ചതിലും, കുടുംബത്തോടൊപ്പം ഒന്നിച്ചതിലുമുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. 2012 സെപ്റ്റംബർ മാസം നദർക്കാനിക്ക് വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചുവെങ്കിലും, സുവിശേഷവത്കരണം നടത്തിയെന്ന കുറ്റം ചുമത്തി മൂന്നുവർഷം അദ്ദേഹത്തെ തടവിലിടുകയായിരുന്നു. 2016- ൽ വീടുകൾ കേന്ദ്രീകരിച്ചുള്ള റാഷ്ട്ടിലെ ക്രൈസ്തവ കൂട്ടായ്മകൾ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തപ്പോൾ നദർക്കാനി വീണ്ടും അറസ്റ്റിലാകുകയായിരിന്നു.

അന്ന് അദ്ദേഹത്തോടൊപ്പം ഭാര്യയെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. റാഷ്ട്ടിലെ കോടതി രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ നദർക്കാനി ചെയ്തുവെന്ന് ആരോപിക്കുകയും, അദ്ദേഹത്തെ ഒരു സയണിസ്റ്റായി മുദ്രകുത്തുകയും ചെയ്തു. യൂസഫ് നദർക്കാനിക്കും, ഭാര്യക്കും, മറ്റ് രണ്ടുപേർക്കും പത്തുവർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു വർഷത്തോളം സ്വതന്ത്രനായിരിന്ന നദർക്കാനിയെ 2018 ജൂലൈ മാസം ഇറാനിലെ കുപ്രസിദ്ധമായ ഇവിൻ തടവറയിലേക്ക് പോലീസ് കൊണ്ടുപോയി. അറസ്റ്റിനിടയ്ക്ക് അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ മകനെയും ഉദ്യോഗസ്ഥർ മർദ്ദിച്ചിരിന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. പിന്നീട് നദർക്കാനിയുടെ ശിക്ഷ ആറ് വർഷമായി കോടതി ഇളവ് ചെയ്ത് നൽകിയിരുന്നു.

അതേസമയം പീഡനങ്ങള്‍ക്കിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2020-ല്‍ നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗാമാന്‍’ എന്ന ഗവേഷക സംഘടന പുറത്തുവിട്ട സര്‍വ്വേഫല പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരിന്നു. ഔദ്യോഗികമായി വെളിപ്പെടുത്താതെ ക്രൈസ്തവ വിശ്വാസം രഹസ്യമായി പിന്തുടരുന്ന അനേകായിരങ്ങള്‍ രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു.


Related Articles »