Social Media

കുരിശു വഹിക്കാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ | തപസ്സു ചിന്തകൾ 23

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 14-03-2023 - Tuesday

"ഒരുവനെ കുരിശിനായി പ്രത്യേകം തിരഞ്ഞെടുക്കുമ്പോൾ കുരിശിൽ നിന്നുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കാനാവില്ല" - വി.എഡിത്ത് സ്റ്റെയിൻ.

നോമ്പു യാത്ര പുരോഗമിക്കുമ്പോൾ കുരിശു വഹിക്കാൻ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവരായ നമുക്കു ഈശോയുടെ കുരിശിൽ നമ്മുടെ അഭയസ്ഥാനവും പ്രത്യാശയും കണ്ടെത്താം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിലെ ക്ലേശതകൾക്കിടയിൽ വി.എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം കുറിച്ചു: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത് മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്രഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ, സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു."

ഈശോയുടെ കുരിശോളം കീഴ് വഴങ്ങുന്ന ജീവിതങ്ങൾക്കേ ഈ ഭൂമിയിൽ അവരുടെ കർത്തവ്യം ശരിയായ രീതിയിൽ നിറവേറ്റാനാവൂ. “അങ്ങയുടെ ഹിതം നിറവേറട്ടെ ! എന്ന ഈശോയുടെ ജീവിതത്തിന്റെ ഉള്ളടക്കം നമ്മുടെ ജീവിതത്തിൻ്റെയും ഭാഗമാക്കാം. സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് നമ്മുടെയും ജീവിത പ്രമാണമായി നമുക്കു സ്വീകരിക്കാം. സ്വന്തം കുരിശെടുക്കുക എന്ന ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ ഈ നോമ്പു യാത്ര നമുക്കു തുടരാം.


Related Articles »