Social Media
നാഥാ എന്റെ തെറ്റുകൾ കാണാൻ എന്റെ കണ്ണുകൾ തുറപ്പിക്കേണമേ | തപസ്സു ചിന്തകൾ 25
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 16-03-2023 - Thursday
"നിൻ്റെ ദാസനായ എനിക്ക് ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നൽകേണമേ. നാഥാ എൻ്റെ തെറ്റുകൾ കാണാൻ എൻ്റെ കണ്ണുകൾ തുറപ്പിക്കേണമേ, എൻ്റെ അയൽക്കാരനെ വിധിക്കാതിരിക്കാനുള്ള കഴിവും നൽകേണമേ"- വിശുദ്ധ അപ്രേം.
പരിശുദ്ധാത്മാവിന്റെ കിന്നരമെന്നും ആഗോള സഭയുടെ മൽപ്പാനെന്നും വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അപ്രേം പിതാവിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ തപസ്സു ചിന്തയുടെ ആധാരം. ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നോമ്പുകാലത്തെ പവിത്രമാക്കുകയും കൃപാ വസന്തം നമ്മുടെ ജീവിതത്തിൽ വർഷിക്കുകയും ചെയ്യും. മേൽപ്പറഞ്ഞ ഗുണങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടെങ്കിലേ സ്വന്തം തെറ്റുകൾ കാണാൻ കഴിയുകയും അയൽക്കാരനെ കുറ്റം വിധിക്കാതിരിക്കാനും സാധിക്കൂ.
ബലഹീനരായ മനുഷ്യർ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുക സ്വഭാവികമാണ്, പക്ഷേ നമ്മൾ ചെയ്തതു തെറ്റാണെന്നു ബോധ്യമാകുമ്പോള്‍ അതു സമ്മതിക്കുക ദൈവീകവരമാണ്, അപ്രകാരം ചെയ്യുമ്പോൾ നാം നമ്മളെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നു. തെറ്റ്, തെറ്റാണെന്നു മനസ്സിലാക്കിയശേഷവും അതു സമ്മതിക്കാതെ വീണ്ടും വീണ്ടും ന്യായീകരിച്ചു കൊണ്ടിരിക്കുന്നത് അഹങ്കാരം നമ്മുടെ ജീവിതത്തിൽ ഭരണം നടത്തുന്നതു കൊണ്ടാണ്. ന്യായീകരണം നോമ്പുകാലത്തു നാം വർർജ്ജിക്കേണ്ട ഒരു തിന്മ തന്നെയാണ്. നോമ്പുകാലം നമ്മുടെ തെറ്റുകൾ ഉൾകൊള്ളാനും തിരിച്ചറിവിലേക്കു വരാനും ജീവിതത്തിൽ മാറ്റം വരുത്തുവാനുമുള്ള അവസരമാണ്.
എനിക്കും തെറ്റുകൾ സംഭവിക്കാം എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ അന്യരെ അന്യായമായി വിധിക്കുന്ന പ്രവണത നമ്മിൽ നിന്നു അപ്രത്യക്ഷമാവുകയും ജീവിതം കുറച്ചു കൂടി സുന്ദരമാവുകയും ചെയ്യും. മറ്റുള്ളവരെ വിധിക്കുമ്പോൾ അവരെ സ്നേഹിക്കാനും വിലമതിക്കാനുമുള്ള സുവർണ്ണ അവസരം നാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.