News - 2024
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന് പിന്നാലെ മുടങ്ങിക്കിടന്ന ഇൻസെന്റീവ് കർഷകരുടെ അക്കൗണ്ടുകളിലെത്തി
പ്രവാചകശബ്ദം 23-03-2023 - Thursday
കണ്ണൂർ: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഉയര്‍ത്തിയ ശക്തമായ സന്ദേശം ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെ ആറ് മാസമായി മുടങ്ങിക്കിടന്ന ഇൻസെന്റീവ് കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ മുതൽ റബർ കർഷകർക്ക് ഇൻസെന്റീവ് ലഭിച്ചിരുന്നില്ല. ആദ്യമായിട്ടായിരുന്നു ഇത്രയും നാൾ മുടങ്ങിയത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കുടിശികയാണു കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയത്. ചിലർക്കു നവംബർ വരെയുള്ള തുകയാണു ലഭിച്ചിരിക്കുന്നത്.
റബറിന്റെ വിലസ്ഥിരതാ ഫണ്ട് 170 രൂപയാണ്. സാധാരണയായി മൂന്നുമാസം കൂടുമ്പോൾ ഇൻസെന്റീവ് തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏഴുമാസമായി ഇതു മുടങ്ങിക്കിടക്കുകയായിരുന്നു. തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലക്കോട്ട് സംഘടിപ്പിച്ച കർഷകജ്വാലയിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കേന്ദ്രം ഭരിക്കുന്ന സർക്കാരിനോട് റബറിന് 300 രൂപ നല്കിയാൽ വോട്ട് തരാമെന്നു പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരിന്നു.
ഇതോടെ രാഷ്ട്രീയ കേരളത്തില്‍ വലിയ ചർച്ചകൾക്കാണ് വഴിത്തിരിഞ്ഞത്. സംസ്ഥാന ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരിന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം. സന്ദേശം പ്രതിപക്ഷത്തെയും പ്രതിരോധത്തിലാഴ്ത്തി. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിൽ റബറിന് 250 രൂപ നിരക്കിൽ ഇൻസെന്റീവ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നതു നടപ്പാക്കാത്തതു വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് മാസങ്ങളായി മുടങ്ങിക്കിടന്ന ഇൻസെന്റീവ് റബര്‍ കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ നല്‍കാനുള്ള 120 കോടിയില്‍ സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രമാണെന്നും ആക്ഷേപമുണ്ട്.