News - 2024

മാർ ജോസഫ് പവ്വത്തിലിന്റെ ആദർശങ്ങളും മൂല്യങ്ങളും ഭാവി തലമുറകള്‍ക്ക് പ്രചോദനമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാചകശബ്ദം 23-03-2023 - Thursday

ന്യൂഡല്‍ഹി: ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് അയച്ച കത്തില്‍ പ്രധാനമന്ത്രി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പവ്വത്തിലിന്റെ ആദർശങ്ങളും മൂല്യങ്ങളും തുടർന്നും ജീവിക്കുമെന്നും അത് സമൂഹത്തിനും രാഷ്ട്രത്തിനും നിസ്വാർത്ഥ സേവനം ചെയ്യാൻ യുവതലമുറയ്ക്കു പ്രചോദനമേകുമെന്നും നരേന്ദ്ര മോദി കത്തില്‍ കുറിച്ചു. പ്രസന്നമായ പെരുമാറ്റം കൊണ്ട് അനുഗ്രഹീതനായ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പവ്വത്തിൽ തന്നെ കാണാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് കത്തിന്റെ ആമുഖത്തില്‍ കുറിച്ചു.

വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം അറിവിന്റെ പ്രകാശം പരത്താൻ വളരെ ആവേശത്തോടെ പ്രവർത്തിച്ചു. തടസങ്ങൾ മാറികടന്ന് എല്ലാവർക്കും വിദ്യാഭ്യാസം നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ തന്റെ ജീവിതത്തിലുടനീളം സമർപ്പിതനായി. കർഷകരുടെ ശാക്തീകരണത്തിനായും അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടാതെ ജനങ്ങളെ ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിനായി പരിശ്രമിച്ചു.

ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പവ്വത്തിലിന്റെ ആദർശങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും തുടർന്നും ജീവിക്കും, അത് സമൂഹത്തിനും രാഷ്ട്രത്തിനും നിസ്വാർത്ഥ സേവനം ചെയ്യാൻ യുവതലമുറയെ പ്രചോദിപ്പിക്കും. ചങ്ങനാശേരി അതിരൂപതാംഗങ്ങളും ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പവ്വത്തിലിന്റെ പ്രിയപ്പെട്ടവര്‍ക്കും വേദനാജനകമായ നഷ്ടം സഹിക്കാൻ സർവ്വശക്തൻ ശക്തി നൽകട്ടെയെന്നും പരേതനായ ആത്മാവിന് ശാന്തി നേരുകയാണെന്നുമുള്ള വാക്കുകളോടെയാണ് അനുശോചന സന്ദേശം സമാപിക്കുന്നത്.


Related Articles »