India - 2024

നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയത് സ്വാഗതം ചെയ്ത് സി‌ബി‌സി‌ഐ

പ്രവാചകശബ്ദം 16-06-2024 - Sunday

ന്യൂഡൽഹി: ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ സ്വാഗതം ചെയ്‌തും മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ചരിത്രപരമായ കുടിക്കാഴ്ച്‌ചയിൽ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ആഗോള കത്തോലിക്കാ സഭാ നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ നിർണായക ചുവടുവയ്പാണിതെന്നു ചൂണ്ടിക്കാട്ടി.

മോദി-മാർപാപ്പ കൂടിക്കാഴ്‌ച അർഥപൂർണവും ക്രിയാത്മകവുമായിരുന്നു. മെച്ചപ്പെട്ട ധാരണയ്ക്കും സഹകരണത്തിനും ഇതു വഴിയൊരുക്കിയെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിസ് പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചതിൽ സന്തോഷമുണ്ട്. കഴിഞ്ഞവർഷം സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ താൻ മാർ പാപ്പയെ ക്ഷണിച്ചിട്ടുണ്ടെന്നും വീണ്ടും അങ്ങനെ ചെയ്യുമെന്നും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചിരുന്നു.

ഇന്ത്യയിലെ കത്തോലിക്കാ സഭ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവും മതസമൂഹങ്ങളും തമ്മിൽ സൗഹാർദവും പരസ്പ‌രബന്ധവും ക്രിയാത്മകമായ സംവാദവും വളർത്തുന്നതിന് സിബിസിഐ പ്രതിജ്ഞാബദ്ധമാണ്. ചരിത്രപരമായ മാർപാപ്പ-മോദി കൂടിക്കാഴ്‌ച സമാധാനത്തിനും ഐക്യത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കൂടുതൽ ശ്രമങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ പിആർഒ ഫാ. റോബിൻസൺ റൊഡ്രിക്‌സ് പ്രസ്‌താവനയിൽ പറഞ്ഞു.


Related Articles »