Social Media
കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി | തപസ്സു ചിന്തകൾ 36
പ്രവാചകശബ്ദം 28-03-2023 - Tuesday
"കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി ആകുന്നു" - വി. ഫ്രാൻസിസ് സാലസ്.
മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ ഈശോയുടെ കുരിശു മരണം. ഈശോയുടെ സഹനത്തിനു പിന്നിലെ ശക്തി സ്നേഹമായിരുന്നു. വ്യവസ്ഥയില്ലാത്ത ദൈവസ്നേഹം. ദൈവത്തിന്റെ അനന്ത കരുണയും സ്നേഹവും കരുതലും ലോകത്തിനു മുഴുവനായി നൽകുകയും അപ്രകാരം ചെയ്യാൻ മാനവകുലത്തെ പഠിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിൻ്റെ അക്കാദമിയാണ് കാൽവരി മലമുകൾ. മനുഷ്യരോടുള്ള ദൈവത്തിൻ്റെ സ്നേഹം മാത്രമേ അവിടെ പ്രതിഫലിക്കുന്നുള്ളു. കുരിശിൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽ അവൻ്റെ നന്മയും ഹൃദയത്തിലെ നന്മയുമാണ് വെളിപ്പെടുത്തിത്തരുന്നത്.
ക്രൂശിതൻ്റെ തിരുഹൃദയം തന്നിൽനിന്ന് അകന്നുപോകുന്നവരെയും പാപത്തിലേക്ക് വീണുപോകുന്നവരെയും ഓർത്ത് അനുദിനം വിങ്ങിപ്പൊട്ടുന്നു. മനുഷ്യരുടെ പാപത്തിന്റെ അവസ്ഥയോർത്ത് അതിതീവ്രമായി ഈശോ വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു.
ജീവിതത്തിൽ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയെല്ലാം സ്നേഹത്തിൽ ചേർത്തു നിറുത്താൻ ക്രൂശിതൻ അതിയായി ആഗ്രഹിക്കുന്നു. ക്രൂശിതൻ്റെ മുമ്പിൽ നിൽക്കുമ്പോൾ, അവനെ വേദനിപ്പിക്കാതിരിക്കാൻ പാപവും പാപ സാഹചര്യങ്ങളും നമുക്കു ഉപക്ഷിക്കാം.കാൽവരിയിലെ മരക്കുരിശിനെ സ്നേഹത്തിൻ്റെ അക്കാദമിയായി കരുതുന്നവർ ഈശോയിൽ വസിക്കുന്നവനാണ് അവനു ഒരിക്കലും അറിഞ്ഞുകൊണ്ടു പാപം ചെയ്യാൻ സാധിക്കുകയില്ല. ക്രൂശിതനോടുള്ള സ്നേഹത്തിൽനിന്നും നമ്മെ അകറ്റുന്ന എല്ലാത്തിനോടും NO പറയുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കാനും നമുക്കു പരിശ്രമിക്കാം.