Faith And Reason

നിരാശക്കു കീഴ്‌പ്പെടരുത്, യേശു നമ്മോട് പറയുന്നു ''ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല, ഒപ്പമുണ്ട്': ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 28-03-2023 - Tuesday

വത്തിക്കാന്‍ സിറ്റി: പ്രതീക്ഷയറ്റ് പോകുന്ന ജീവിത ജീവിതത്തില്‍ സർവ്വത്ര അന്ധകാരം, വേദനയും നിരാശയും കാണുമ്പോള്‍ യേശു നമ്മുടെ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (26/03/23) വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ലാസറിൻറെ പുനരുത്ഥാനം അടിസ്ഥാനമാക്കിയുള്ള വചനഭാഗത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. പ്രത്യാശ നശിച്ചെന്നു തോന്നുമ്പോഴാണ് യേശുവിൻറെ ഇടപെടലെന്ന് സംഭവത്തെ ചൂണ്ടിക്കാട്ടി പാപ്പ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്'' എന്ന്‍ യേശു നമ്മോടു പറയുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ചിലപ്പോൾ നിരാശ അനുഭവപ്പെടാം - ഇത് എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ, പ്രത്യാശ നഷ്ടപ്പെട്ടവരെ മോശമായ കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതിനാൽ കയ്പ് നിറഞ്ഞവരെ നാം കണ്ടുമുട്ടാം. മുറിവേറ്റ ഹൃദയത്തിന് പ്രത്യാശിക്കാനാകില്ല. വേദനാജനകമായ ഒരു നഷ്ടത്താലോ, ഒരു രോഗത്താലോ, ചുട്ടെരിക്കുന്ന നിരാശയാലോ, സംഭവിച്ച ഒരു തെറ്റു മൂലമോ അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടതിനാലോ, ചെയ്തു പോയ ഗുരുതരമായ തെറ്റിനാലോ... അവർ പ്രതീക്ഷ വെടിഞ്ഞു. ചിലപ്പോൾ ചിലർ പറയുന്നത് നമ്മൾ കേൾക്കുന്നു: "ഇനി ഒന്നും ചെയ്യാനില്ല", എല്ലാ പ്രതീക്ഷകളുടെയും വാതിൽ അടയ്ക്കുന്നു. ജീവിതം ഒരു അടഞ്ഞ ശവകുടീരം പോലെ തോന്നുന്ന നിമിഷങ്ങളാണിത്.



സർവ്വത്ര അന്ധകാരം, വേദനയും നിരാശയും മാത്രമാണ് ചുറ്റും കാണുന്നത്. എന്നാൽ ഇന്നത്തെ അത്ഭുതം (ലാസറിന്റെ പുനരുത്ഥാനം) നമ്മോട് പറയുന്നു. ഇത് അങ്ങനെയല്ല, ഇത് അവസാനമല്ല. ഈ നിമിഷങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ല, തീർച്ചയായും ഈ നിമിഷങ്ങളിലാണ് അവിടുന്ന് നമുക്ക് വീണ്ടും ജീവൻ നൽകാൻ എന്നത്തേക്കാളും ഉപരി അടുത്ത് വരുന്നത്. യേശു കരയുന്നു: യേശു ലാസറിൻറെ ശവകുടീരത്തിനു മുന്നിൽ കരഞ്ഞുവെന്ന് സുവിശേഷം പറയുന്നു- യേശുവിന്, ലാസറിനു വേണ്ടി കരയാൻ കഴിഞ്ഞതു പോലെ, അവിടുന്ന് ഇന്ന് നമ്മോടൊപ്പം കരയുന്നു: യേശു വികാരാധീനനാവുകയും കണ്ണീർ പൊഴിക്കുകയും ചെയ്തുവെന്ന് സുവിശേഷം രണ്ട് തവണ ആവർത്തിക്കുന്നു.

അതേസമയം, വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും നിറുത്താതിരിക്കുന്നതിനും, കരയുന്നതിൽ നിന്ന് നമ്മെ തടയുന്ന നിഷേധാത്മക വികാരങ്ങളാൽ ഞെരുക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കാതിരിക്കുന്നതിനും യേശു നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് നമ്മോടു പറയുന്നു; വേദന, തെറ്റുകൾ, പരാജയങ്ങൾ പോലും, അവയെ നിങ്ങളുടെ ഉള്ളിൽ, ഇരുണ്ടതും ഏകാന്തവുമായ, അടച്ച മുറിയിൽ മറവു ചെയ്യരുത്. കല്ല് മാറ്റുക: ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലാസറിനോടെന്ന പോലെ, അവിടുന്ന് നാമോരോരുത്തരോടും ആവർത്തിക്കുന്നു: പുറത്തുവരൂ! എഴുന്നേൽക്കുക, യാത്ര പുനരാരംഭിക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക!

വീണ്ടും എഴുന്നേൽക്കാൻ ശക്തിയില്ലാത്ത ഇത്തരം അവസ്ഥ ജീവിതത്തിൽ എത്രയോ തവണ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ യേശു പറയുന്നു: “പോകൂ, മുന്നേറുക! ഞാൻ നിൻറെ കൂടെയുണ്ട്. കുട്ടിക്കാലത്ത് ആദ്യ ചുവടുകൾ വയ്ക്കാൻ നീ പഠിച്ചതുപോലെ ഞാൻ നിന്നെ കൈപിടിച്ച് നടത്തും"​​. പ്രിയ സഹോദരാ, പ്രിയ സഹോദരീ, നിന്നെ ബന്ധിക്കുന്ന നാടകൾ അഴിക്കുക. ദയവായി, വിഷാദത്തിലാഴ്ത്തുന്നതായ അശുഭാപ്തി ചിന്തകള്‍ക്ക് അടിയറവു പറയരുത്, ഒറ്റപ്പെടുത്തുന്ന ഭയത്തിന് കീഴ്പ്പെടരുത്, മോശം അനുഭവങ്ങളുടെ ഓർമ്മയിൽ നിരാശയിൽ നിപതിക്കരുത്, തളർത്തുന്ന ഭയത്തിന് അധീനരാരുത്.

യേശു നമ്മോട് പറയുന്നു: “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്! എല്ലാം ഇരുട്ടാണ്, പക്ഷേ ഞാൻ നിന്നോടൊപ്പമുണ്ട്! വേദന നിന്നെ തടവിലാക്കാൻ അനുവദിക്കരുത്, പ്രത്യാശ മരിക്കാൻ അനുവദിക്കരുത്. പ്രത്യാശയുടെ അമ്മയായ പരിശുദ്ധ മറിയം, നാം തനിച്ചല്ലെന്നുള്ള സന്തോഷവും നമ്മെ വലയം ചെയ്യുന്ന ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള വിളിയും നമ്മിൽ നവീകരിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »