News

ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്: പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും

പ്രവാചകശബ്ദം 29-03-2023 - Wednesday

ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തെ ശക്തമായി പ്രഘോഷിച്ചുക്കൊണ്ട് അമേരിക്കയില്‍ ദേശവ്യാപകമായി നടന്നുവരുന്ന മൂന്ന്‍ വര്‍ഷം നീളുന്ന ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. പതിനായിരത്തിലധികം പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന്‍ നോര്‍ത്ത് അമേരിക്കന്‍ രക്തസാക്ഷികളുടെ രക്തസാക്ഷിത്വം കൊണ്ടും, ദിവ്യകാരുണ്യ ഭക്തിയുടെ പേരില്‍ പ്രസിദ്ധയായ തദ്ദേശീയ അമേരിക്കന്‍ വിശുദ്ധയായ വിശുദ്ധ കടേരി ടേകാക്വിതയുടെ ജന്മം കൊണ്ടും പ്രസിദ്ധമായ ന്യൂയോര്‍ക്കിലെ ഓറിസ്വില്ലേയിലെ ഔര്‍ ലേഡി ഓഫ് മാര്‍ട്ടിയേഴ്സ് ദേവാലയത്തില്‍വെച്ച് ഒക്ടോബര്‍ 20-22 തിയതികളിലായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.

ചരിത്രപരമായ ഈ ത്രിദ്വിന പരിപാടിയില്‍ യേശുവിനോട് കൂടുതല്‍ അടുക്കുവാന്‍ ആഗ്രഹിക്കുന്ന പതിനായിരത്തിലധികം പേരെ സ്വാഗതം ചെയ്യുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ബാനി മെത്രാന്‍ എഡ്വാര്‍ഡ് ഷാര്‍ഫെന്‍ബെര്‍ഗെര്‍ പ്രസ്താവിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം പുതുക്കുന്നതിനും, വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും ലഭിക്കുന്ന മനോഹരമായ നിമിഷങ്ങളായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമ്മാനിക്കുകയെന്നും മെത്രാന്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനകളില്‍ പങ്കുകൊള്ളൂവാനും, പ്രസിദ്ധരായ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും, പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും, കൂട്ടായ്മക്കും ഏറ്റവും നല്ല അവസരമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1649-ല്‍ ജെസ്യൂട്ട് മിഷണറിമാരായ ഐസക്ക് ജോഗസ്, റെനെ ഗൌപില്‍, ജീന്‍ ലാലാന്‍ഡെ എന്നീ വിശുദ്ധരുടെ രക്തസാക്ഷിത്വം കൊണ്ടും, ദിവ്യകാരുണ്യ ഭക്തിയുടെ പേരില്‍ പ്രസിദ്ധയായ വിശുദ്ധ കടേരി ടേകാക്വിതയുടെ ജന്മം കൊണ്ടും പ്രസിദ്ധമാണ് ഔര്‍ ലേഡി ഓഫ് മാര്‍ട്ടിയേഴ്സ് ദേവാലയം. രാജ്യത്തെ ഏറ്റവും പ്രമുഖ ദിവ്യകാരുണ്യ ആരാധനാകേന്ദ്രമായിട്ടാണ് ദേവാലയത്തെക്കുറിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പറയുന്നത്. ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് ആരംഭിക്കുക.

ശനിയാഴ്ച രാവിലെ 11 മണിക്ക് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെയാണ് കോണ്‍ഗ്രസ്സിന് സമാപനമാവുക. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി പത്തുമുതല്‍ രാവിലെ 7 വരെ ദിവ്യകാരുണ്യ ആരാധനയും നടക്കും. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. അതേസമയം എണ്‍പതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് അടുത്തവര്‍ഷം ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ച് നടക്കും.


Related Articles »