Social Media - 2024
അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം | തപസ്സു ചിന്തകൾ 40
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 01-04-2023 - Saturday
'കുരിശിന്റെ വഴിയില്‍ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങള്‍ അവളും ഏറ്റുവാങ്ങുന്നു' - വി. ജോണ്‍ പോള്‍ രണ്ടാമന്‍.
ഈശോയെ കുരിശ് മരണത്തിലേക്ക് നയിച്ച എല്ലാ സംഭവങ്ങളില്‍ പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തെ ഏറ്റവും വേദനിപ്പിച്ച കാര്യം എന്താണന്നു സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയോട് പരി. മറിയം സ്വകാര്യ വെളിപ്പെടുത്തലില്‍ ഇപ്രകാരം പറയുകയുണ്ടായി ''എന്റെ മകന്റെ നിണമടിഞ്ഞ കാല്‍പ്പാടുകള്‍ കണ്ട്, അവന്‍ എവിടേക്കാണ് കടന്നുപോയതെന്ന് എനിക്കറിയാമായിരുന്നു കാരണം വഴിയിലുടനീളം രക്തം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. അതെന്നില്‍ തീവ്ര ദു:ഖമുളവാക്കി.''
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍ കന്യാസ്ത്രീയും മിസ്റ്റിക്കുമായ അന്ന കാതറിന്‍ എമെറിച്ച് എഴുതിയ The Dolorous Passion of Our Lord Jesus Christ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാസഹനം എന്ന പുസ്തകത്തില്‍ കുരിശിന്റെ വഴിയില്‍ മറിയം ഈശോയെ കാണുന്ന രംഗം വിവരിച്ചട്ടുണ്ട്. :
ഈശോ കടന്നുപോകേണ്ട തെരുവിന്റെ ഒരു പ്രവേശന കവാടത്തില്‍ മറിയവും യോഹന്നാനും നില്‍ക്കുന്നു. അവര്‍ അവനെ കണ്ടു 'തന്റെ കുരിശിന്റെ കനത്ത ഭാരത്താല്‍ ഈശോ മുങ്ങിത്താഴുന്നത്... മുള്ളുകള്‍ കൊണ്ട് കിരീടമണിഞ്ഞ അവന്റെ ശിരസ്സ്, കുരിശിന്റെ ഒരുഭാഗം അവന്റെ തോളില്‍ തൂങ്ങിക്കിടക്കുന്നു . രണ്ടാം തവണയും കുരിശുമായി വീണു അവന്റെ കൈകളും മുട്ടുകളും പൊട്ടുന്നു , ഈ കാഴ്ച മറിയത്തെ ത്രീവ്രമായി വേദനിച്ചു; അവള്‍ മറ്റെല്ലാം മറന്നു; അവള്‍ പട്ടാളക്കാരെയോ ആരാച്ചാരെമാരെയോ കണ്ടില്ല; അവള്‍ തന്റെ പ്രിയപ്പെട്ട മകനെയല്ലാതെ മറ്റാരെയും കണ്ടില്ല; ഈശോയെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഘത്തിന്റെ നടുവിലേക്ക് അവള്‍ കയറി, അവള്‍ അവന്റെ അരികില്‍ മുട്ടുകുത്തി അവനെ ആലിംഗനം ചെയ്തു... യോഹന്നാനും മറ്റു സ്ത്രീകളും മറിയത്തെ നിലത്തു നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു, പടയാളികള്‍ അവളെ നിന്ദിച്ചു, അവരില്‍ ഒരാള്‍ പറഞ്ഞു, 'സ്ത്രീയേ, നിനക്കിവിടെ എന്താണ് കാര്യം? നീ അവനെ നന്നായി വളര്‍ത്തിയിരുന്നെങ്കില്‍ അവന്‍ ഞങ്ങളുടെ കൈയില്‍ വരില്ലായിരുന്നു.''
കാരുണ്യം കാണിക്കുന്ന അമ്മയോട് ക്രൂരമായി പ്രതികരിക്കുന്ന പടയാളി ക്രൂശിതനോടു ശത്രുത പുലര്‍ത്തുന്നവരുടെ പ്രതിനിധിയാണ്.
കുരിശിന്റെ വഴിയില്‍ ഈശോയെ കണ്ടുമുട്ടിയ മറിയം അവനു സംഭവിച്ചതെല്ലാം തനിക്കും സംഭവിക്കുന്നതാണന്ന തിരിച്ചറിവിലേക്കു വരുന്നു. മകന്റെ വേദന അമ്മയുടെയും അമ്മയുടെ ദുഃഖം മകന്റെയും ദു:ഖം വര്‍ദ്ധിപ്പിക്കുന്നു .ക്രൂശിതനെ മറിയത്തിന്റെ കണ്ണുകളിലൂടെ നോക്കാന്‍ പഠിപ്പിക്കുക, എങ്കില്‍ മാത്രമേ ക്രൂശിതന്റെ ജീവിതം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയുള്ളു.
2003-ലെ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ ധ്യാനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇങ്ങനെ എഴുതി:
' അമ്മ, കുരിശിന്റെ വഴിയില്‍ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങള്‍ അവളും ഏറ്റുവാങ്ങുന്നു.
'നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.'(ലൂക്കാ 2 : 35) ഈശോയ്ക്കു നാല്‍പ്പത് ദിവസം പ്രായമുള്ളപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചിരിക്കുന്നു. അങ്ങനെ, അദൃശ്യ വാളാല്‍ മറിയത്തിന്റെ ഹൃദയം കുത്തിതുറക്കപ്പെട്ടിരിക്കുന്നു , മറിയം കാല്‍വരിയിലേക്ക് നടക്കുമ്പോള്‍ , സ്വന്തം കാല്‍വരിയിലേക്കാണ് നടന്നു കയറിയത്.'
മറിയത്തിന്റെ കണ്ണുകളിലൂടെ ക്രൂശിതനെ കാണാനും അവളുടെ സ്‌നേഹത്തോടെ കുരിശിന്‍ വഴി പിന്‍ചെല്ലാനും അവളുടെ മനസ്സോടെ കുരിശിനെ ആശ്ലേഷിക്കുവാനും ഈ ദിനങ്ങളില്‍ നമുക്കു സാധിക്കട്ടെ.