News - 2024

3 ദിവസങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ് പാപ്പ ജെമല്ലി ആശുപത്രി വിട്ടു; മേരി മേജർ ബസിലിക്കയിൽ നേരിട്ടെത്തി നന്ദിയര്‍പ്പണം

പ്രവാചകശബ്ദം 02-04-2023 - Sunday

വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച (29/03/23) റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ നിന്നു മടങ്ങി. വത്തിക്കാനിലേക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പ കത്തോലിക്കാ സർവ്വകലാശാലയുടെ റെക്ടർ ഫ്രാങ്കൊ അനേല്ലിയെയും അദ്ദേഹത്തിൻറെ അടുത്ത സഹപ്രവർത്തകരെയും ജെമെല്ലി പോളിക്ലിനിക്കിൻറെ ഡയറക്ടർ ജനറൽ മാർക്കൊ എലെഫാന്തിയെയും കത്തോലിക്കാ സർവ്വകലാശാലയുടെ അജപാലന സഹായി മോൺസിഞ്ഞോർ ക്ലാവുഡിയൊ ജുലിദോറി, വൈദ്യ സംഘം, അവർക്ക് സഹായികളായിരുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെയും അഭിവാദ്യം ചെയ്തുവെന്ന് വത്തിക്കാന്‍ അറിയിച്ചു. വീഡിയോ കാണാന്‍ ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്ലിനിക്കില്‍ നിന്ന് പുറപ്പെട്ട ഫ്രാൻസിസ് മാർപാപ്പ, കവാടത്തില്‍ എത്തിയപ്പോള്‍ കാറിൽ നിന്നിറങ്ങി അവിടെയുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തു. തലേദിവസം കുഞ്ഞ് മരണപ്പെട്ട ദമ്പതികളും മാധ്യമ പ്രവര്‍ത്തകരും വിശ്വാസികളും ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെയുണ്ടായിരിന്നു. വത്തിക്കാനിലെ പേപ്പല്‍ വസതിയിലേക്ക് മടങ്ങുന്നതിന് മുന്‍പ് പാപ്പ സെന്റ് മേരി മേജറിലെ റോമൻ ബസിലിക്കയിൽ സന്ദര്‍ശനം നടത്തി. നേരത്തെ ആശുപത്രിയിൽ കണ്ടുമുട്ടിയ രോഗികളായ കുഞ്ഞുങ്ങളെയും രോഗികളും രോഗബാധിതരുമായ എല്ലാവരെയും ആതുര ശുശ്രൂഷകരെയും സമര്‍പ്പിച്ച് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഇന്ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »