Life In Christ

രോഗാവസ്ഥയിലും പാപ്പ തടവുകാരുടെ പാദങ്ങൾ കഴുകി; ഇത്തവണ വേദിയായത് ജുവനൈൽ ജയില്‍

പ്രവാചകശബ്ദം 07-04-2023 - Friday

വത്തിക്കാന്‍ സിറ്റി: ഇന്നലെ പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ കാസൽ ഡെൽ മർമോ ജുവനൈൽ ജയിലിലെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ച് അന്തേവാസികളായ 12 യുവ തടവുകാരുടെ പാദങ്ങൾ കഴുകി. തടവുപുള്ളികളും, അവരുടെ കുടുംബാംഗങ്ങളും, ജയിലിലെ ഉദ്യോഗസ്ഥരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ഒരു വീൽചെയറിലാണ് പാപ്പയെ ജയിലിനുള്ളിലെ ചാപ്പലിലേക്ക് കൊണ്ടുവന്നത്. തിരുകർമ്മങ്ങളുടെ ഭൂരിപക്ഷ സമയവും പാപ്പ ഇരിക്കുകയായിരുന്നു. കാലിന് വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തടവുപുള്ളികളുടെ പാദങ്ങൾ മുട്ടുകുത്താതെ തന്നെ കഴുകാനുള്ള സജ്ജീകരണങ്ങൾ പാപ്പയ്ക്കുവേണ്ടി ഒരുക്കിയിരുന്നു. 10 യുവാക്കളുടെയും, രണ്ട് യുവതികളുടെയും പാദങ്ങളാണ് ഫ്രാൻസിസ് പാപ്പ കഴുകിയത്.

യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അർത്ഥം എന്താണെന്ന് വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ സന്ദേശത്തിൽ പാപ്പ വിശദീകരിച്ചു. പാദങ്ങൾ കഴുകുക എന്നത് ആ കാലഘട്ടത്തിൽ സർവ്വസാധാരണമായ ഒരു കാര്യമായിരുന്നു. എന്നാൽ അടിമകളാണ് പാദങ്ങൾ കഴുകിയിരുന്നത്. പിറ്റേദിവസം കുരിശ് മരണത്തിന്റെ സമയത്ത് എന്ത് സംഭവിക്കും എന്ന് ശിഷ്യന്മാർക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് യേശു അവരുടെ പാദങ്ങൾ കഴുകിയതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മറ്റുള്ളവരെ നാം സഹായിക്കണമെന്ന പാഠം ഇതിൽ നിന്ന് പഠിക്കണം. ഈ ചടങ്ങിലൂടെ ഹൃദയത്തിന്റെ ശ്രേഷ്ഠതയെ പറ്റി മനസ്സിലാക്കി തരാനാണ് യേശു ആഗ്രഹിക്കുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. യേശു എപ്പോഴും നമ്മുടെ അടുക്കൽ ഉണ്ടെന്നും, നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും, നിലവിലെ ബുദ്ധിമുട്ടുകൾ കടന്നുപോകുമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

ബ്രോങ്കൈറ്റിസ് ബാധിതനായതിനെ തുടര്‍ന്നു കഴിഞ്ഞ ആഴ്ച ഫ്രാൻസിസ് മാർപാപ്പ മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞിരിന്നു. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പും, അതിനുശേഷവും തടവുകാരുടെ പാദങ്ങൾ കഴുകി പെസഹ ആചരിക്കുക എന്നത് ഫ്രാൻസിസ് മാർപാപ്പ പതിവാക്കിയ ഒരു കാര്യമാണ്. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് 15 ദിവസങ്ങൾക്ക് ശേഷം ആഗതമായ പെസഹാ ദിനത്തിൽ കാസൽ ഡെൽ മർമോ ജയിലിലെ തന്നെ തടവുപുള്ളികളുടെ പാദങ്ങളാണ് പാപ്പ കഴുകിയത്. കാസൽ ഡെൽ മർമോ ജയിലിൽ 14 നും 25 നും ഇടയിൽ പ്രായമുള്ള അമ്പതോളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ക്രിസം മാസിൽ ആയിരത്തിയെണ്ണൂറോളം വൈദികര്‍ പങ്കെടുത്തിരിന്നു.


Related Articles »